മുപ്പത് വയസ്സിന് മുമ്പെത്തുന്ന അമിതവണ്ണം പലതരം അർബുദങ്ങളിലേക്ക് നയിക്കും, കരുതൽ വേണം- പഠനം

#Health Desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

അമിതമായി വണ്ണംവെക്കുന്നതിനെ ആരോഗ്യപ്രശ്നം എന്നതിനേക്കാൾ സൗന്ദര്യപ്രശ്നമായി കാണുന്നവരാണ് ഏറെയും. എന്നാൽ അർബുദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അമിതവണ്ണമെന്നും കരുതൽ വേണമെന്നും വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. മുതിർന്നവരിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് അമിതവണ്ണമെന്ന് പഠനം പറയുന്നു.

സ്വീഡനിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രായപൂർത്തിയായതിനുശേഷം അമിതവണ്ണം ആകുന്നവരിൽ വിവിധ കാൻസറുകൾക്കുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം കണ്ടെത്തി. ആഗോളതലത്തിൽ എട്ടു പേരിൽ ഒരാൾ അമിതവണ്ണമുള്ളവരാണ്, അന്നനാളത്തിലെ അർബുദം, വയറിന്റെ മുകൾഭാഗത്തെ ബാധിക്കുന്ന അർബുദം, മലാശയ അർബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അർബുദം, മൾട്ടിപ്പിൾ മൈലോമ, പാൻക്രിയാറ്റിക് കാൻസർ, വൃക്ക, തൈറോയ്ഡ് ഗ്ലാൻഡ്, ഓവറികൾ, എൻഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അർബുദം എന്നിവയ്ക്കുള്ള സാധ്യതയാണ് വർധിക്കുന്നത്.

പതിനേഴുമുതൽ അറുപത് വയസ്സുവരെ പ്രായമുള്ള 251,041പുരുഷന്മാരുടെയും 378,981 സ്ത്രീകളുടെയും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 1911 മുതൽ 2020 വരെയുള്ള റെക്കോഡുകൾ ശേഖരിച്ച സ്വീഡിഷ് പഠനവും ആധാരമാക്കി. അമിതവണ്ണം ഏതുതരം കാൻസറിനുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. മുപ്പത് വയസ്സിന് മുമ്പ് അമിതവണ്ണക്കാരാകുന്ന പുരുഷന്മാരിൽ കരളിൽ അർബുദമുണ്ടാകുന്നതിനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത ഇരട്ടിയും കുടലിലെ കാൻസറിനുള്ള സാധ്യത 58ശതമാനം കൂടുതലുമാണ്.

അതുപോലെതന്നെ മുപ്പതിനുമുമ്പെ അമിതവണ്ണമെത്തുന്ന സ്ത്രീകളിൽ എൻഡോമെട്രിയൽ കാൻസറിനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലും പാൻക്രിയാറ്റിക് കാൻസറിനുള്ള 67 ശതമാനവുമാണെന്ന് ഗവേഷകർ പറയുന്നു.

അമിതവണ്ണമാകുന്നതോടെ ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ, മെറ്റബോളിസത്തിലെ തകരാറുകൾ, ഇൻസുലിൻ നിലയിലെ വ്യതിയാനം, ശരീരത്തിൽ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അർബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നാണ് ഗവേഷകർ കരുതുന്നത്.

ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
  • ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: Obesity before age 30 is linked to a higher risk of multiple cancers including liver, pancreatic, and colorectal.