കോഴിക്കോട്ട് നിപ ഭീതി അകലുന്നു, സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു

കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെകൂടി പരിശോധനാ ഫലം നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ രോഗിയെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ ഒൻപത് പേരിൽ ആറുപേർ ആശുപത്രി വിട്ടു. നിലവിൽ മൂന്നുപേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.
അതേസമയം, നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ വ്യാഴാഴ്ച പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്.
Content Highlights: One more person from the Nipah contact list isolated at Kozhikode Medical College has tested negative and been discharged, while one patient remains on ventilator support with 104 people currently monitored.