കാൻസർ മാറാൻ നാരങ്ങാവെള്ളം, യുകെയിൽ ഇന്ത്യൻ ഡയറ്റീഷ്യന്റെ ജോലി തെറിച്ചു

കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് അശാസ്ത്രീയമായ 'ഒറ്റമൂലി' ചികിത്സ നിർദേശിച്ച ഇന്ത്യക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസ്. അപർണാ ശ്രീവാസ്തവ എന്ന ഡയറ്റീഷ്യനെയാണ് എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവരുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് ആശുപത്രിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
വിചിത്രമായ നിർദേശങ്ങളാണ് ഇവർ പല രോഗങ്ങൾക്കും പരിഹാരമായി നൽകിയത്. കാൻസർ രോഗം മാറാനായി ഒരു നാരങ്ങ മുഴുവനായി ചെറുചൂടുവെള്ളതത്തിൽ പിഴിഞ്ഞ് കഴിക്കാനാണ് അപർണ നിർദേശിച്ചത്. കൂടാതെ ദിവസവും രാവിലെ മൂന്ന് സ്പൂൺ പച്ച വെളിച്ചെണ്ണ കുടിക്കുന്നത് കാൻസറിനെ അകറ്റിനിർത്തുമെന്നും ഇവർ സഹപ്രവർത്തകന് അയച്ച ഇമെയിലിൽ പറയുന്നു. കീമോതെറാപ്പിയേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് എന്നാണ് ഇവരുടെ വാദം.
പാർക്കിൻസൺസ് രോഗം ബാധിച്ച 91 വയസുള്ള രോഗിയോട് അപർണാ ശ്രീവാസ്തവ പറഞ്ഞത് യോഗ പതിവാക്കാനും എഫ്എം കേൾക്കാനുമാണ്. കൂടാതെ ഭക്ഷണം കഴിക്കുമ്പോൾ ഓരോ ഉരുളയും 32 തവണ ചവച്ച് വേണം കഴിക്കാനെന്നും അവർ പറഞ്ഞു. കൂടാതെ ഒരു പ്രത്യേക കമ്പനിയുടെ ബിസ്‌കറ്റ് കഴിക്കാനും ഇവർ രോഗിയോട് നിർദേശിച്ചു.
സീലിയാക് രോഗം ബാധിച്ചയാളോട് ഗ്ലൂട്ടൻ അടങ്ങിയ പേൾ ബാർലി കഴിക്കാനാണ് ഇവർ നിർദേശിച്ചത്. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ചെറുകുടലിന്റെ ആവരണം തകരാറാകുന്ന ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയാണ് സീലിയാക്. ദഹനത്തിന് പ്രശ്‌നമുള്ളവർക്ക് സോഡ പോലുള്ള ഫിസി ഡ്രിങ്കാണ് അപർണയുടെ പരിഹാരം. പഞ്ചസാര ഇല്ലാതെ കാൻസറുണ്ടാകില്ല, പഞ്ചസാര ഇല്ലെങ്കിൽ കാൻസർ സ്വയം ഇല്ലാതാകും എന്നാണ് ഇവരുടെ മറ്റൊരു 'കണ്ടെത്തൽ'.
പ്രത്യേക ബ്രാൻഡ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുകയാണ് അപർണയുടെ മറ്റൊരു ഒറ്റമൂലി. ദിവസവും എട്ട് ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക, രാവിലെ നാരങ്ങാനീരും ഇഞ്ചിനീരും തേനിൽ ചേർത്ത് കുരുമുളകും കൂട്ടി വെള്ളം കുടിക്കുക, പച്ചക്കറികൾ മാത്രം കഴിക്കുക, യോഗയിലൂടെ കുണ്ഡലിനി ഊർജത്തെ ഉണർത്തിയാൽ ആരോഗ്യമുള്ളവരായി ജീവിക്കാം എന്നിങ്ങനെ പോകുന്നു അപർണാ ശ്രീവാസ്തവയുടെ ചികിത്സകൾ.
ഭക്ഷണത്തിന് മുമ്പ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ സംഗീതം കേൾക്കാനാണ് മറ്റൊരു രോഗിയോട് ഇവർ നിർദേശിച്ചത്. സമ്മർദം കുറയ്ക്കാനുള്ള മാർഗമായാണ് ഇത് അപർണ നിർദേശിച്ചത്. സംഗീതവും എഫ്എമ്മും കേൾക്കുന്നത് രോഗികൾക്ക് ദോഷകരമല്ലെങ്കിലും അപർണയുടെ മറ്റ് നിർദേശങ്ങൾ രോഗികളുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെയാണ് അപർണയെ എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവരുടെ ഒരു സഹപ്രവർത്തകൻ ഇമെയിലുകൾ സഹിതം നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് ലഭിച്ച വിവരങ്ങളാണ് താൻ രോഗികൾക്ക് നിർദേശിച്ചതെന്ന വിചിത്രമായ മറുപടിയാണ് ചോദ്യം ചെയ്തപ്പോൾ അപർണ എൻഎച്ച്എസ് അധികൃതരോട് പറഞ്ഞത്.
Content Highlights: Aparna Srivastava, a dietitian based in Hull, East Yorkshire, has been struck off the medical register by the Health and Care Professions Tribunal Service (HCPTS). She was found guilty of giving life-threatening advice to patients, including claiming that hot lemon water is "1,000 times better than chemotherapy" and prescribing yoga for a 91-year-old Parkinson's patient. Her defense was that she shared information she received via WhatsApp forwards.