കോവിഡ് നഗരങ്ങളിൽ കുറയുന്നു; ഗ്രാമങ്ങളിൽ പിടിമുറുക്കും

ന്യൂഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തിലെ അതിവ്യാപനം മെട്രോനഗരങ്ങളില്‍ കുറയുകയാണെന്നും വരുംദിവസങ്ങളില്‍ അത് ഗ്രാമങ്ങളില്‍ പിടിമുറുക്കുമെന്നും ലോകാരോഗ്യസംഘടനയുടെ സാങ്കേതിക ഉപദേശകസമിതി അധ്യക്ഷന്‍ അനുരാഗ് അഗര്‍വാള്‍. കേസുകള്‍ വേഗംകൂടുന്നതും കുറയുന്നതും നഗരത്തിന്റെ പ്രത്യേകതയാണെന്നും എന്നുവെച്ച് നിയന്ത്രണങ്ങളില്‍ അയവുവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്. കഴിഞ്ഞ രണ്ടുതരംഗങ്ങളിലും രോഗവ്യാപനം ആദ്യം തീവ്രമായത് നഗരങ്ങളിലായിരുന്നു. പിന്നീടാണ് ഗ്രാമങ്ങളില്‍ പിടിമുറുക്കിയത്. ഗ്രാമങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ കുറവായതാണ് രോഗവ്യാപനം കൂടാന്‍ കാരണം. ആദ്യ രണ്ടുതരംഗങ്ങളിലും രോഗികളില്‍ 53 ശതമാനവും മരണത്തിന്റെ 52 ശതമാനവും ഗ്രാമങ്ങളിലായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് അനുരാഗ് പറഞ്ഞു.
സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ 2021-ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഗ്രാമീണമേഖലകളില്‍ ആരോഗ്യസംവിധാനങ്ങള്‍ കുറവാണ്. ചില സംസ്ഥാനങ്ങളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും (പി.എച്ച്.സി.) സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും (സി.എച്ച്.സി.) ആരോഗ്യപ്രവര്‍ത്തകരുടെ കടുത്ത ക്ഷാമമുണ്ട്. സി.എച്ച്.സി.കളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 76 ശതമാനം ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. 56 ശതമാനം റേഡിയോഗ്രാഫര്‍മാര്‍, 35 ശതമാനം ലാബ് ടെക്‌നീഷ്യന്മാര്‍ എന്നിവരും വേണം.
Content highlights: new covid cases may decrease in metro township increase in villages
Content Highlights: