ആ സിനിമ ചെയ്യുമ്പോൾ സ്റ്റേജ് 3 കാൻസർ പോരാട്ടത്തിലായിരുന്നു; തുറന്നുപറഞ്ഞ് നഫീസ അലി

സ്റ്റേജ് 4 ഒവേറിയൻ കാൻസറിനോടുള്ള പോരാട്ടത്തിലാണ് ബോളിവുഡ് നടി നഫീസ അലി. പുതിയ ചിത്രമായ മാക്സ് മിൻ & മ്യോസാകിയുടെ ചിത്രീകരണം നടക്കുമ്പോൾ താൻ അർബുദത്തോടുള്ള പോരാട്ടത്തിലായിരുന്നുവെന്ന് പറയുകയാണ് നഫീസ അലി. സംവിധായകൻ പദ്മകുമാർ നരസിംഹമൂർത്തിക്ക് തന്നിലുള്ള വിശ്വാസമാണ് കഥാപാത്രത്തെ മികച്ചതാക്കാൻ സഹായിച്ചതെന്ന് നഫീസ അലി പറഞ്ഞു.
തനിക്ക് സ്വയം സംശയം തോന്നിയിരുന്ന ഘട്ടമായിരുന്നു അത്. അന്ന് കാൻസറിന്റെ മൂന്നാം ഘട്ടത്തോടുള്ള പോരാട്ടത്തിലായിരുന്നു. ഇന്ന് നാലാമത്തെ സ്റ്റേജിലാണ്. കാൻസർ പോരാട്ടത്തിനിടയിലും സിനിമ ചെയ്യുന്നതിലൂടെ ഭാവി തലമുറയ്ക്കും സമൂഹത്തിനും നല്ല സന്ദേശം പകരാനാണ് ശ്രമിച്ചതെന്നും നഫീസ അലി പറയുന്നു.
ജീവിതം പ്രവചനാതീതമാണെന്നും അതിനാൽ ആളുകൾക്ക് അനുകമ്പയും കൂട്ടുത്തരവാദിത്തവും ഉണ്ടാകണമെന്നും നാളെ എന്തും സംഭവിക്കാമെന്നും നഫീസ അലി കൂട്ടിച്ചേർത്തു. 2018-ലാണ് നഫീസ അലിക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. കാൻസർ നിർണ്ണയത്തെക്കുറിച്ചുള്ള പോരാട്ടങ്ങളെക്കുറിച്ച് നഫീസ അലി നേരത്തേ പങ്കുവെച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളേക്കുറിച്ച് തുടർച്ചയായി പറഞ്ഞിട്ടും ഡോക്ടർമാർ നിസ്സാരമാക്കിയെന്നും അതാണ് രോഗസ്ഥിരീകരണം വൈകാൻ ഇടയാക്കിയതെന്നുമാണ് നഫീസ പറഞ്ഞത്.
തനിക്ക് ഗുരുതരമായ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു. വയറുവേദനക്ക് കാരണം കാൻസറാണെന്ന് അറിയാമായിരുന്നു, പക്ഷേ, ഡോക്ടർമാർക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് സ്റ്റേജ് 4-ലേക്ക് നയിച്ചു എന്നാണ് നഫീസ അന്ന് പറഞ്ഞത്.
ഡോക്ടർ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടും സംശയം പ്രകടിപ്പിക്കുകയും വീണ്ടും പരിശോധിക്കണമെന്ന് കരഞ്ഞുപറയുകയും ചെയ്തുവെന്ന് നഫീസ പറഞ്ഞിരുന്നു. ആവർത്തിച്ച് ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിൽ അതിനെ ഗൗരവമായി എടുക്കണമെന്നും പറഞ്ഞു. അത്രത്തോളം വൈകാരികമായ നിമിഷമായിരുന്നു അത്. കഠിനമായ വേദന അനുഭവപ്പെടുന്നതുവരെ മെഡിക്കൽ ടീം കാര്യമായി എടുത്തിരുന്നില്ലെന്നും പിന്നീടുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും നഫീസ പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. 1976-ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റർനാഷനൽ സെക്കൻഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തക, ദേശീയ നീന്തൽ താരം എന്നീ നിലകളിലും പ്രശസ്തയാണ്.
ഒവേറിയൻ കാൻസർ
സ്ത്രീകളിൽ സാധാരണമായ കാൻസറാണ് ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ അർബുദം. ഓവറികളെ ബാധിക്കുന്ന അർബുദമാണിത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും മറ്റു ഭാഗങ്ങളെ ബാധിക്കാനുമിടയുണ്ട്.
അടിവയർ വീർത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
മൂന്നു വിധത്തിലാണ് ഒവേറിയൻ കാൻസറുകളുള്ളത്. എപിതെലിയൽ ഒവേറിയൻ കാൻസർ, സ്ട്രോമൽ ട്യൂമേഴ്സ്, ജെം സെൽ ട്യൂമേഴ്സ് എന്നിങ്ങനെയാണത്.
അപകടസാധ്യതാ ഘടകങ്ങൾ
- പ്രായം കൂടുംതോറും ഒവേറിയൻ കാൻസർ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്.
- ചെറിയൊരു ശതമാനം ഒവേറിയൻ കാൻസറുകൾക്കു പിന്നിൽ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വർധിപ്പിക്കുന്നത്.
- രക്തബന്ധത്തിലുള്ള ആർക്കെങ്കിലും ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.
- അമിതവണ്ണവും എൻഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയൻ കാൻസർ സാധ്യത വർധിപ്പിക്കാം.
- ആർത്തവം നേരത്തേ ആരംഭിക്കുക, ആർത്തവ വിരാമം വൈകുക തുടങ്ങിയവയും ഗർഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.
Content Highlights: Nafisa Ali continued acting during her Stage 3 cancer treatment., The actress emphasizes the importance of persistence in medical diagnosis., Highlights the need for awareness regarding early symptoms of ovarian cancer.