രോഗപ്പകർച്ച അടുത്തിടപഴകുന്നതിലൂടെ മാത്രം, ഹാന്റാവൈറസിന് വ്യാപനശേഷി കുറവ്- ഡോ.സൗമ്യ സ്വാമിനാഥൻ

എംവി ഹോണ്ടിയസ് കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിൽ പ്രതികരണവുമായി ലോകാരോഗ്യസംഘടനയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സൗമ്യ സ്വാമിനാഥൻ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഹാന്റാവൈറസിന്റെ ആൻഡീസ് വകഭേദമാണ് കപ്പലിൽ പടരുന്നതെങ്കിലും ഇതിന്റെ വ്യാപനശേഷി പരിമിതമാണെന്ന് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. വ്യക്തികൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമേ ഈ വൈറസ് പടരുകയുള്ളൂ എന്നും സൗമ്യ സ്വാമിനാഥൻ വിശദീകരിച്ചു.
ഉമിനീർ, രക്തം, ശുക്ലം എന്നിവയിലെല്ലാം വൈറസ് ഉണ്ടാകാനിടയുണ്ട്. ശ്വാസകോശ അണുബാധയ്ക്കും ന്യുമോണിയയ്ക്കും കാരണമാകുന്നതാണ് ആൻഡീസ് വൈറസ്. എന്നാൽ, മീസിൽസ്, സാർസ്, കോവിഡ്-19 പോലുള്ള ഉയർന്ന വ്യാപനശേഷിയുള്ള വൈറസുകൾ പോലെയല്ല ഇതെന്നും നീണ്ടനാൾ ഏറ്റവും അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗം പടരൂ എന്നും ഡോ.സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.
വ്യാപനശേഷി കുറവായതിനാൽ തന്നെ വേഗത്തിൽ നിയന്ത്രിക്കാനാവുന്ന രോഗമാണ് ഇതെന്നും അവർ പറയുന്നുണ്ട്. രോഗബാധിതരായവരെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ ഫലപ്രദമായി രോഗവ്യാപനം തടയാനാവും.
VIDEO | Former WHO deputy director-general Soumya Swaminathan says, "Andes strain may be only hantavirus strain known to spread human-to-human, but requires prolonged close physical contact and is far less transmissible than COVID-19."
(Full video available on PTI Videos -… pic.twitter.com/wtztWgihzY— Press Trust of India (@PTI_News) May 9, 2026
അതിനിടെ കപ്പലിൽ രണ്ട് ഇന്ത്യക്കാരെ കണ്ടെത്തിയ പശ്ചാത്തലത്തിൽ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായി രാജ്യത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുകയും ക്വാറൻ്റീൻ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.
കപ്പലിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും നടപടിക്രമങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉദ്യോഗസ്ഥ അനൈസ് ലെഗാൻഡ് അറിയിച്ചു. രോഗബാധയുണ്ടാകാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ ആരോഗ്യ സംഘങ്ങൾ കപ്പലിലെ ഓരോരുത്തരുടെയും സമ്പർക്ക പട്ടിക പരിശോധിക്കുന്നുണ്ട്. പനി, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ യാത്രക്കാരിലാർക്കെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു
ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്.
കപ്പലിലെ വൈറസ് ബാധയെത്തുടർന്ന് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെർദയിൽനിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോവുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്‌പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല. അതേസമയം, വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.
എന്താണ് ഹാന്റാ വൈറസ്?
എലികളാണ് ഹാന്റാ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.
1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
ലക്ഷണങ്ങൾ
സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.
ചികിത്സ
ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.
Content Highlights: Hantavirus (Andes strain) on MV Hondius spreads only through close contact., Transmission via saliva, blood, or respiratory fluids is limited compared to airborne viruses., Health authorities have increased surveillance at ports and airports.,