എട്ടുകുട്ടികൾക്ക് മുണ്ടിനീര്, തുമ്പോളിയിൽ സ്കൂളടച്ചു; രോഗവ്യാപനമുണ്ടായാൽ തുറക്കാൻ വൈകും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: സ്കൂൾക്കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് പടരുന്നു. തുമ്പോളി എസ്.എൻ.വി.എൽ.പി. സ്കൂളിലെ എട്ട്‌ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂൾ 10 ദിവസത്തേക്ക്‌ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കൂടുതൽ കുട്ടികളിലേക്ക് രോഗവ്യാപനമുണ്ടായാൽ 21 ദിവസം അടച്ചിടും.

സാധാരണ രണ്ടാഴ്ചയ്ക്കകം മുണ്ടിനീര് ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗലക്ഷണം പ്രകടമാകാനെടുക്കുന്ന സമയം) 12 മുതൽ 25 ദിവസം വരെയാണ്. അതിനാലാണ് കൂടുതൽ ദിവസം സ്കൂൾ അടച്ചിടേണ്ട സാഹചര്യമുണ്ടാകുന്നത്.

ആലപ്പുഴ ജില്ലയുടെ തെക്കൻമേഖലയിൽ കഴിഞ്ഞവർഷം മുണ്ടിനീര് പടർന്നതിനെത്തുടർന്ന് സ്കൂളുകളും അങ്കണവാടികളുമുൾപ്പെടെ 38 വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു.

രോഗം പകരുന്നത്

പാരമിക്സോ വൈറസാണ് രോഗകാരി. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ എന്നിവയുടെ കണികകൾ വായുവിൽ കലർന്നാണ് മറ്റൊരാളിലേക്കു പടരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും രോഗി കൈകാര്യംചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും പകരും. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നത്. മുതിർന്നവരെയും ബാധിക്കാം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം. നീരുള്ള ഭാഗത്ത് വേദനയനുഭവപ്പെടാം.

ലക്ഷണങ്ങൾ

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശിവേദന എന്നിവയാണ് മറ്റുലക്ഷണങ്ങൾ. നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ താമസിപ്പിക്കരുത്.

ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരം

പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി ഇവയ്ക്ക് അണുബാധയുണ്ടാകും. കേൾവി തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾക്കും സാധ്യത. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകും. രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കമൊഴിവാക്കുക, രോഗികളായ കുട്ടികളെ സ്കൂളിൽ വിടരുത്, രോഗിയുപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.

രോഗികൾ ശ്രദ്ധിക്കേണ്ടത്

ധാരാളം വെള്ളംകുടിക്കുക. പുളിപ്പുള്ള പഴച്ചാറുകൾപോലെയുള്ള പാനീയങ്ങൾ കുടിക്കരുത്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളംചൂടുള്ള ഉപ്പുവെള്ളം കവിളിൽ കൊള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണിയുപയോഗിച്ച് ചൂടുവെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നൽകും.

Content Highlights: Eight students diagnosed with Mumps at Thumpoli SNVLP School., School closed for 10 days; potential extension to 21 days based on spread., Mumps is caused by the Paramyxovirus and spreads via respiratory droplets.