എംപോക്സ് തീവ്രവ്യാപനത്തിന് പിന്നിൽ പുതിയ വകഭേദം clade Ib; മരണസാധ്യത 10% കൂടുതൽ

Representational image | Photo: Canva
Representational image | Photo: Canva

ആഫ്രിക്കയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സിനെതിരെ(മുമ്പത്തെ മങ്കിപോക്സ്) ഇക്കഴിഞ്ഞ ബുധനാഴ്ച ലോകാരോ​​ഗ്യസംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോ​ഗികളുടെ എണ്ണവും മരണവും ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ലോകാരോ​ഗ്യസം​ഘടനയുടെ ഇടപെടൽ. നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ.

clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‍രോ​ഗവ്യാപനത്തിനുപിന്നിൽ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോ​ഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോ​ഗംബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോ​ഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. 

മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദ​ഗ്ധർ പറയുന്നു.  clade IIb-യിലെ മരണനിരക്ക് ഒരുശതമാനമായിരുന്നെങ്കിൽ ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പത്തുശതമാനം കൂടുതലാണ്. നിലവിലെ വ്യാപനത്തിന് തുടക്കമാകുന്നത് കഴിഞ്ഞ ജനുവരി മുതലാണ്. റിപ്പബ്ലിക് ഓഫ് കോം​ഗോയിൽ മാത്രം 27,000 പേരെ എംപോക്സ് ബാധിക്കുകയും 1,100 മരണങ്ങൾ ഉണ്ടാവുകയും ചെയ്തു. ഈ വർഷം ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ മാത്രം രോ​ഗികളുടെനിരക്ക് 15,000-വും മരണനിരക്ക് 548-ഉം ആയിട്ടുണ്ട്. അയൽരാജ്യങ്ങളായ കെനിയ, റുവാൻഡ, ഉ​ഗാണ്ട എന്നിവിടങ്ങളിലും രോ​ഗവ്യാപനമുണ്ട്. 

പാകിസ്താനിലും രോ​ഗം

അതിനിടെ ആഫ്രിക്കയിൽ‌ പടരുന്ന എംപോക്സ്  പാകിസ്താനിലും സ്ഥിരീകരിച്ചതായി പാക് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏഷ്യയിൽ ആദ്യമായാണ് ഈ രോഗം കണ്ടെത്തുന്നത്. മൂന്നുപേർക്കാണ് രോഗബാധ കണ്ടെത്തിയത്. വേഗം പകരാൻ സാധ്യതയുള്ള പുതിയ എംപോക്സ് വകഭേദമാണ് സ്ഥിരീകരിച്ചത്. ആഫ്രിക്കയ്ക്കുപുറത്ത് പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് പാകിസ്താൻ. വ്യാഴാഴ്ച സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തിരുന്നു.

മുമ്പത്തെ എംപോക്സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദ​ഗ്ധർ പറയുന്നുണ്ട്. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണമെങ്കിൽ ഇപ്പോഴത്തേത് നേരിയതോതിൽ ജനനേന്ദ്രിയ ഭാ​ഗത്ത് കുമിളകൾ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോ​ഗം തിരിച്ചറിയാൻ വൈകുന്നുവെന്നും വിദ​ഗ്ധർ കണക്കാക്കുന്നു. 

2022 മുതൽ ലോകത്തിന്റെ പലഭാ​ഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോ​ഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോ​ഗികളുടെ നിരക്കിൽ വർധനയുണ്ട്.

2009 മുതൽ ഇതുവരെ ഏഴുതവണയാണ് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. H1N1 പന്നിപ്പനി, പോളിയോവൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവയ്ക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിൽ അവസാനമായി 2022-ൽ പ്രഖ്യാപിച്ചതും എംപോക്സിന് എതിരെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നാൽ ലോകാരോഗ്യസംഘടനയുടെ ഏറ്റവുംവലിയ ജാഗ്രതാനിർദേശങ്ങളിലൊന്നാണ്. 

ദശകങ്ങളായി കോം​ഗോയിൽ എംപോക്സ് വ്യാപനമുണ്ട്. എന്നൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾമാത്രം കഴിഞ്ഞവർഷം മൊത്തത്തിൽ ഉണ്ടായതിനേക്കാൾ കൂടുതലാണ്. 

മങ്കിപോക്സ് എന്ന പേരിനുപിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോ​ഗ്യസംഘടന പേരുമാറ്റാൻ തീരുമാനിച്ചത്. 

എന്താണ് എംപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.

ആരോഗ്യ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത്നെ എംപോക്സിനെതിരേയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ എംപോക്സിന്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ എംപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും  എംപോക്സിന്റം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്സിന്റെ വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

Content Highlights: mpox new variant spreads rapidly