അമ്മയുടെ കരൾകൊണ്ട് രോഗത്തെ അതിജീവിച്ച മകൾക്ക് കുഞ്ഞ് പിറന്നു, അപൂർവം

കോട്ടയം: മിനിയുടെ കരളാണ് മകൾ രേവതി. അവൾക്ക് കരൾരോഗം വന്നപ്പോൾ ആ അമ്മ കരൾ പകുത്തുനൽകി. രേവതി കരൾരോഗത്തെ അതിജീവിച്ചു. ഇപ്പോൾ രേവതിക്ക് ഒരു കുഞ്ഞും പിറന്നു. ഈ രോഗാവസ്ഥയെ അതിജീവിച്ചശേഷം കുഞ്ഞ് പിറക്കുന്നത് അപൂർവം. വലവൂർ ഇന്ദുകുന്നേൽ രേവതി രമേശാണ് (27) പെൺകുഞ്ഞിന് ജന്മം നൽകിയത്.
പത്താംവയസ്സിലാണ് രേവതിക്ക് കരൾ മാറ്റിവെച്ചത്. “ഗർഭം ഉണ്ടെന്നറിഞ്ഞപ്പോൾ പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും റിസ്ക് ഉണ്ടെന്നുപറഞ്ഞ് ഒഴിവായി. അങ്ങനെയാണ് കോട്ടയം കാരിത്താസ് മാതാ ആശുപത്രിയിലെത്തിയത്. ആറുമാസംമുതൽ അവിടെ ഡോ. റെജി ദിവാകറിന്റെ മേൽനോട്ടത്തിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവ് കണ്ടതുകൊണ്ട് 37-ാം ആഴ്ചയിൽ സിസേറിയൻ നടത്തി” -രേവതി പറഞ്ഞു.
ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിധിപോലെ കിട്ടിയ പെൺകുഞ്ഞിന്, വിലപ്പെട്ട എന്നർഥംവരുന്ന ‘നിഹ’ എന്ന് പേരുമിട്ടു.
കരളിൽ ചെമ്പ് അടിയുന്ന അപൂർവ അസുഖം ബാധിച്ചതിനെത്തുടർന്നാണ് കരൾ മാറ്റിവെക്കേണ്ടിവന്നത്. അന്നുമുതൽ മരുന്ന് കഴിക്കുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. എങ്കിലും ഗർഭം വെല്ലുവിളി ആയിരുന്നു. രേവതിയുടെ അമ്മ എം.ടി. മിനി, പാലാ ഗവണ്മെന്റ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റാണ്. രേവതിയുടെ ഭർത്താവ് പത്തനാപുരം ഇളമണ്ണൂർ അനൂപ് ഭവനിൽ അജിത് ആർ. നായരും കുടുംബവും നൽകിയ പിന്തുണ മിനി എടുത്തുപറയുന്നു.
Content Highlights: A mother`s selfless liver donation saved her daughter`s life. Now, she`s a mom too!