ഓൺലൈനായി വരുത്തിയ ക്രീമുകളിൽ അധിക മെർക്കുറി, അംഗീകാരമില്ലാത്തവയിൽ ചേരുവകളുടെ പട്ടിക അപൂർണം

കോട്ടയം: ഓൺലൈനായി വിൽക്കുന്ന സൗന്ദര്യവർധക ഉത്പന്നങ്ങളിൽ മിക്കതിലും അനുവദനീയമായതിലും ഉയർന്ന അളവിൽ മെർക്കുറി ചേർക്കുന്നെന്ന് കണ്ടെത്തൽ. മഹാത്മാഗാന്ധി സർവകലാശാല പരിസ്ഥിതി പഠനവിഭാഗം ഡയറക്ടർ ഡോ. മഹേഷ് മോഹൻ, റിസർച്ച് സ്കോളർ സ്വാതി കൃഷ്ണ എന്നിവരാണ് പഠനം നടത്തിയത്.
മെർക്കുറിയും അതിന്റെ വിഷഘടനയും പഠനവിധേയമാക്കുന്നതിന്റെ ഭാഗമായാണ് സൗന്ദര്യവർധക ഉത്പന്നങ്ങൾ പരിശോധിച്ചത്. സൂപ്പർമാർക്കറ്റുകൾ, ബ്യൂട്ടി സ്റ്റോറുകൾ, പ്രാദേശിക കടകൾ എന്നിവിടങ്ങളിൽനിന്ന് ചർമ്മം വെളുപ്പിക്കുന്ന 17 ക്രീമുകൾ ശേഖരിച്ച് പരിശോധിച്ചു. പ്രശസ്തമായ എല്ലാ വാണിജ്യ ബ്രാൻഡുകളിലും മെർക്കുറിയുടെ അളവ് അനുവദനീയമായ ഒരു പി.പി.എം.-ൽ താഴെയായിരുന്നു.
എന്നാൽ, അംഗീകാരമില്ലാത്ത മൂന്ന് ഉത്പന്നങ്ങളിൽ 7,000 മുതൽ 20,000 പി.പി.എം. വരെ അളവിൽ മെർക്കുറി കണ്ടെത്തി. അംഗീകാരമില്ലാത്ത ഉത്പന്നങ്ങളാണെങ്കിലും ഇവ വിപണിയിൽ ലഭ്യമാണ്. ചിലത് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും വില്ക്കുന്നു. പിന്നീട് ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളിൽനിന്ന് ചർമ്മം വെളുപ്പിക്കുന്ന അഞ്ചുക്രീമുകൾകൂടി വാങ്ങി പരിശോധിച്ചു. ഇവയിൽ മൂന്നെണ്ണത്തിലും അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തി. ഇൻസ്റ്റാഗ്രാംവഴി ബുക്കിങ് എടുക്കുന്ന ഒരു ഉത്പന്നത്തിലും മെർക്കുറി ഉയർന്ന അളവിലാണ്. അംഗീകാരമില്ലാത്ത ക്രീമുകളുടെ ലേബലുകളിൽ ചേരുവകളുടെ പൂർണമായ പട്ടിക നല്കിയിട്ടില്ല. വളരെ കുറച്ചുചേരുവകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവയിലൊന്നിലും മെർക്കുറിയുടെ സാന്നിധ്യം വെളിപ്പെടുത്തിയിട്ടുമില്ല.
2025 ഏപ്രിൽ മുതൽ നവംബർ വരെയായിരുന്നു പഠനം. സർവകലാശാലാ ലാബിലെ ഡയറക്ട് മെർക്കുറി അനലൈസർ (ഡി.എം.എ. 80) ഐ.സി.പി.എം.എസ്. തുടങ്ങിയ ഉപകരണങ്ങൾ മുഖേനയാണ് സാന്നിധ്യം പരിശോധിച്ചത്.
Content Highlights: A study reveals high mercury levels in unauthorized skincare creams sold online, raising concerns about cosmetics safety and consumer health risks.