ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ആർത്തവ വിരാമത്തിന്റേതെന്ന് ഡോക്ടർമാർ, പിന്നാലെ ലുക്കീമിയ സ്ഥിരീകരിച്ചു

ക്ഷീണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ആർത്തവവിരാമത്തിന്റേതെന്ന് നിസ്സാരമാക്കിയതിനേക്കുറിച്ചും പിന്നാലെ ലുക്കീമിയ സ്ഥിരീകരിച്ചതിനേക്കുറിച്ചും തുറന്നുപറഞ്ഞ് യു.കെ.യിലെ മെയ്ഡ്സ്റ്റോണിൽ നിന്നുള്ള സാറാ ചാപ്മാൻ. ആർത്തവവിരാമത്തിന്റേതെന്നു കരുതി ഡോക്ടർമാർപോലും ലക്ഷണങ്ങൾ നിസ്സാരമാക്കിയെന്നും രോഗസ്ഥിരീകരണം വൈകിയെന്നുമാണ് സാറ പങ്കുവെച്ചത്. അസാധാരണമായി, വളരെക്കാലം ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ നിസ്സാരമാക്കരുതെന്നും സാറ പറഞ്ഞു.
ആവർത്തിച്ചുള്ള അണുബാധകൾ, ഉണങ്ങാൻ വൈകുന്ന മുറിവുകൾ, രാത്രിയിലെ വിയർപ്പ്, രക്തത്തിലെ കൗണ്ടുകളിലെ വ്യതിയാനങ്ങൾ എന്നിവയോടൊപ്പം അമിതക്ഷീണവും അനുഭവപ്പെട്ടാൽ വിദഗ്ധ ചികിത്സ വൈകിക്കരുതെന്നു പറയുകയാണ് മുൻ എൻഎച്ച്എസ് ഓഡിയോളജിസ്റ്റ് കൂടിയായ സാറ. മുമ്പ് സജീവമായി ഹോക്കി കളിച്ചിരുന്നയാളും സ്ഥിരമായി രക്തദാനം ചെയ്തിരുന്നയാളുമായിരുന്ന തനിക്ക് 2011 മുതലാണ് അസാധാരണമായ ക്ഷീണം അനുഭവപ്പെട്ടുതുടങ്ങിയതെന്ന് സാറ പറയുന്നു. കൂടെക്കൂടെ അസുഖം വരികയും, ചെസ്റ്റ് ഇൻഫെക്ഷനും മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ പല സ്പെഷ്യലിസ്റ്റുകളെയും കണ്ടപ്പോഴും തന്റെ ലക്ഷണങ്ങൾ വാർധക്യത്തിന്റെയും ആർത്തവവിരാമത്തിന്റെയുമാണെന്നാണ് അവർ പറഞ്ഞതെന്ന് സാറ പറയുന്നു.
ക്രമേണ നടക്കുന്നതുപോലും പ്രയാസകരമായതോടെയാണ് വിദഗ്ധ പരിശോധനയ്ക്കു മുതിർന്നത്. 2013-ൽ സാറയ്ക്ക് മജ്ജയിൽ അസാധാരണമായ രക്തകോശങ്ങൾ വികസിക്കുന്ന മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം (എംഡിഎസ്) സ്ഥിരീകരിച്ചു. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇത് ലുക്കീമിയയായി മാറിയേക്കാം എന്ന് സാറയോട് ഡോക്ടർമാർ പറഞ്ഞു. 2016 ജൂണിൽ സാറയ്ക്ക് അക്യൂട്ട് മൈലോയിഡ് ലുക്കീമിയ (എഎംഎൽ) സ്ഥിരീകരിക്കുകയുമായിരുന്നു.
എന്താണ് ലുക്കീമിയ?
രക്തത്തിലെ കാൻസറുകളുടെ ഒരു വിഭാഗമാണ് ലുക്കീമിയ. മുതിർന്നവരിൽ ലുക്കീമിയ സാധാരണയായി 65 വയസും അതിൽ കൂടുതലുമുള്ള ആളുകളെയാണ് ബാധിക്കുന്നത്. നാല് തരം ലുക്കീമിയയും നിരവധി ഉപവിഭാഗങ്ങളുമുണ്ട്. എത്ര വേഗത്തിലാണ് ഇത് രോഗലക്ഷണങ്ങൾക്ക് കാരണമാകുന്നത്, ഏത് തരത്തിലുള്ള രക്തകോശത്തെയാണ് ഇത് ബാധിക്കുന്നത് എന്നിവയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധർ ഈ അവസ്ഥയെ തരംതിരിക്കുന്നത്:
അക്യൂട്ട് ലുക്കീമിയ, ക്രോണിക് ലുക്കീമിയ, മൈലോയ്ഡ് ലുക്കീമിയ, ലിംഫോസൈറ്റിക് ലുക്കീമിയ എന്നിവയാണവ. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, അക്യൂട്ട് മൈലോജെനസ് ലുക്കീമിയ, ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ, ക്രോണിക് മൈലോജെനസ് ലുക്കീമിയ തുടങ്ങിയവയാണ് പ്രധാന നാല് ഉപവിഭാഗങ്ങൾ. ഇതുകൂടാതെ ക്രോണിക് മൈലോമോണോസൈറ്റിക് ലുക്കീമിയ (CMML), ഹെയറി സെൽ ലുക്കീമിയ (Hairy cell leukemia), ലാർജ് ഗ്രാനുലാർ ലിംഫോസൈറ്റിക് ലുക്കീമിയ (LGL) തുടങ്ങിയവയുമുണ്ട്.
ലക്ഷണങ്ങൾ
- മോണയിൽ നിന്ന് രക്തസ്രാവം, ഇടയ്ക്കിടെ മൂക്കിൽ നിന്നുള്ള രക്തസ്രാവം
- ചെറിയ രീതിയിൽ തട്ടുമ്പോൾപ്പോലും ഉണ്ടാകുന്ന ചതവുകൾ
- എത്രമാത്രം വിശ്രമിച്ചാലും മാറാത്ത ക്ഷീണം
- ന്യുമോണിയ അല്ലെങ്കിൽ മൂത്രനാളിയിലെ അണുബാധ പോലുള്ള ഇടയ്ക്കിടെയുള്ള ബാക്ടീരിയൽ അണുബാധകൾ
- ശ്വാസതടസ്സം
- എല്ലുകളിലോ സന്ധികളിലോ ഉള്ള വേദന
- പനി
- വയറിന്റെ മുകൾ ഭാഗത്ത് വലതുവശത്ത് അനുഭവപ്പെടുന്ന വീക്കം
- രാത്രിയിൽ വിയർക്കൽ
- വിളറിയ ചർമം
- കഴുത്ത്, കക്ഷം, വയറ് എന്നിവിടങ്ങളിൽ വീർത്ത ലിംഫ് നോഡുകൾ
- അകാരണമായി ശരീരഭാരം കുറയൽ
ഈ ലക്ഷണങ്ങൾ ഒന്നോ അതിലധികമോ മറ്റുരോഗങ്ങൾക്കും കാരണമാകാറുണ്ട്. ഇവ ഉണ്ടെന്നുകരുതി ലുക്കീമിയ ഉണ്ടെന്ന് അർഥമില്ല. ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണാൻ മടികാണിക്കരുത്.
Content Highlights: Explore how menopause symptoms can mask leukemia, as Sarah Chapman shares her journey to a blood cancer diagnosis and the importance of awareness.