മെഡിസെപ്: കാഷ്‌ലെസ് ചികിത്സ ഇല്ല, റീ ഇമ്പേഴ്‌സ്‌മെന്റ് തുക 60% വരെ കുറക്കുന്നുവെന്ന് പരാതി

Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടം നടപ്പാക്കുന്നത് കാഷ്ലെസ് ചികിത്സവേണമെന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാതെ. നിലവിൽ പല ആശുപത്രികളും മെഡിസെപിനെ കൈയൊഴിഞ്ഞ സാഹചര്യമാണ്. പുതിയ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവെച്ചിട്ടില്ലെന്ന പരാതി ജീവനക്കാർക്കുണ്ട്.

കാഷ്‌ലെസ് ഇല്ലാത്തതിനാൽത്തന്നെ ചികിത്സയ്ക്കുള്ള പണം ആദ്യം കണ്ടെത്തണം. റീ ഇമ്പേഴ്‌സ്‌മെന്റായി കിട്ടുന്ന തുക പലപ്പോഴും 40-60 ശതമാനംവരെ വെട്ടിക്കുറയ്ക്കുന്നുവെന്നും പരാതിയുണ്ട്. ജീവനക്കാരുടെ പരാതി പരിഹരിക്കാനുള്ള സംവിധാനങ്ങളുമില്ല.

അധികബിൽ ഈടാക്കുന്നതടക്കമുള്ള സ്വകാര്യ ആശുപത്രികളുടെ ചൂഷണം തടയാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് അതോറിറ്റിയുടെ സേവനം തേടുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കുന്നതടക്കം ആശുപത്രികൾ പാലിക്കേണ്ട നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുപോലുമില്ല. സ്വകാര്യ ആശുപത്രികളുടെ സമ്മർദവുമുണ്ട്.

താത്‌പര്യമുള്ളവർക്കുമാത്രം പദ്ധതിയിൽ ചേരാൻ അവസരം നൽകണമെന്നും അടിച്ചേൽപ്പിക്കരുതെന്നുമാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. പ്രതിമാസ പ്രീമിയം 500 രൂപയിൽനിന്നും 750 ആയി വർധിപ്പിച്ചതിനൊപ്പം അടുത്തവർഷം പ്രീമിയം വർധിപ്പിച്ചേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. പ്രീമിയത്തിൽ സർക്കാർ വിഹിതം വേണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു. മെഡിസെപ് വന്നതോടെ റീ ഇമ്പേഴ്‌സ്‌മെന്റ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ സർക്കാർ അവസാനിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറിൽനിന്ന് വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരേ കർശനനടപടി സ്വീകരിക്കുന്നതിനുള്ള എസ്ഒപി തയ്യാറാക്കാൻ ഇൻഷുറൻസ് കമ്പനിയെ ചുമതലപ്പെടുത്തുമെന്നാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. എസ്ഒപി കമ്പനിക്ക് അനുകൂലമാകാൻ ഇത് ഇടയാക്കുമെന്ന് ഭരണാനുകൂല സംഘടനകളും ചൂണ്ടിക്കാട്ടുന്നു. താത്‌പര്യമുള്ളവർ മാത്രംചേർന്നാൽ മതിയെന്നാക്കി പദ്ധതി പുനരാവിഷ്കരിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എംഎസ് ഇർഷാദ് ആവശ്യപ്പെട്ടു.

Content Highlights: Medisep Drawbacks: Reimbursement Delays and Cashless Absence