ചികിത്സാപ്പിഴവ്; പരാതികൾ കുറവ് മെഡിക്കൽ കോളേജുകളിൽ; 10 വർഷത്തിനിടെ 26 എണ്ണം മാത്രം

സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സാപ്പിഴവ് സംബന്ധമായ പരാതികളേറുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രികളെപ്പറ്റി കാര്യമായ പരാതികളില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ 26 പരാതികളാണ് മെഡിക്കൽ കോളേജുകളിലെ ചികിത്സാപ്രശ്നങ്ങളെപ്പറ്റി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിച്ചിട്ടുള്ളത്.
മെഡിക്കൽ കോളേജുകളിലെ, അഞ്ച് ഡോക്ടർമാർക്കെതിരേയും രണ്ട് നഴ്‌സുമാർക്കെതിരേയുമാണ് നടപടിയുണ്ടായത്. ഇവരിൽ ചിലരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റുചിലർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ തുടരുന്നു. ആശുപത്രികളിലെ രോഗികളുടെ ബാഹുല്യവും ജീവനക്കാരുടെ കുറവുമാണ് ചികിത്സാപ്പിഴവ് സംബന്ധിച്ച പരാതികൾക്കിടയാക്കുന്നത്.
ഒഴിവുകൾ നികത്തുന്നില്ല
മെഡിക്കൽ വിദ്യാഭ്യാസത്തിലെ ക്ലിനിക്കൽ വിഭാഗത്തിൽമാത്രം 334 ഡോക്ടർമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. വിവിധ തസ്തികകളിലുള്ള 164 നഴ്‌സുമാരുടെയും ഒഴിവുകളുണ്ട്. ഇവ പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയമനത്തിന് നടപടികളായിട്ടില്ല. ഹെൽത്ത് സർവീസ് ഡിപ്പാർട്ട്‌മെന്റിൽ എണ്ണൂറോളം ഡോക്ടർമാരുടെ ഒഴിവുണ്ട്. രോഗികളുടെ എണ്ണം കൂടുകയും ഡോക്ടർമാരുടെ എണ്ണം കുറയുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ് ആശുപത്രികളിൽ ഉണ്ടാക്കുന്നത്.
ട്രയാജ് സംവിധാനം കാര്യക്ഷമമല്ല
അടിയന്തരചികിത്സ ആവശ്യമുള്ള രോഗികളെ കണ്ടെത്താൻ ആശുപത്രികളിൽ ട്രയാജ് സംവിധാനം ഏർപ്പെടുത്താൻ 2020 ജൂണിൽ തീരുമാനിച്ചിരുന്നു. എന്നാൽ ആറുവർഷമായിട്ടും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. ജനറൽ-ജില്ലാ-താലൂക്ക് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ട്രയാജ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
നഴ്‌സിങ് സൂപ്രണ്ടോ ഹെഡ് നഴ്‌സോ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സോ ആരോഗ്യപ്രവർത്തകരോ ആശുപത്രികളിലെത്തുന്നവരുടെ രോഗാവസ്ഥ വിലയിരുത്തി ഡ്യൂട്ടി ഡോക്ടർക്കു സമീപം എത്തിക്കും. മുറിവേറ്റവർ, അത്യാസന്നനിലയിലുള്ളവർ, അസുഖബാധിതർ എന്നിങ്ങനെ തരംതിരിച്ച് ഡോക്ടർ, സമയബദ്ധമായി ചികിത്സ ഉറപ്പാക്കും. മറ്റ് ആശുപത്രികളിലേക്ക് വിദഗ്ധചികിത്സയ്ക്ക് മാറ്റേണ്ടവർ, ആശുപത്രിയിൽ കിടത്തിച്ചികിത്സ വേണ്ടവർ, ചികിത്സനൽകി വിട്ടയയ്ക്കേണ്ടവർ എന്നിങ്ങനെ രോഗത്തിന്റെ കാഠിന്യം കണ്ടെത്താൻ ഈ രീതി സഹായകമായിരുന്നു. എന്നാൽ പദ്ധതി കാര്യക്ഷമമല്ലാത്തതിനാൽ പല ആശുപത്രികളിലും ചികിത്സ സംബന്ധിച്ച തർക്കങ്ങൾ തുടരുകയാണ്.
Content Highlights: Only 26 medical negligence complaints against medical colleges in a decade., Critical vacancy of 334 doctors and 164 nurses in clinical departments