വ്യായാമമാണ് ഏറ്റവും വലിയ സപ്ലിമെന്റ്, ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രധാനം- മന്ദിര ബേദി

#Health Desk
മന്ദിര ബേദി| Photos: instagram.com/mandirabedi/?hl=en
മന്ദിര ബേദി| Photos: instagram.com/mandirabedi/?hl=en

അഭിനേത്രി, അവതാരക, ഫാഷൻ ഡിസൈനർ തുടങ്ങിയ മേഖലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുള്ള താരമാണ് മന്ദിര ബേദി. അമ്പതുകളിലും ചുറുചുറുക്ക് കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിൽ വ്യായാമം എത്രത്തോളം സഹായകമായിട്ടുണ്ടെന്ന് പറയുകയാണ് മന്ദിര. സാധാരണ വ്യായാമത്തിനൊപ്പം സ്ട്രെങ്ത് ട്രെയിനിങ് കൂടി ഉൾപ്പെടുന്നതാണ് തന്റെ വർക്കൗട്ട് സെഷനെന്ന് മന്ദിര പറയുന്നു.

തനിക്കിപ്പോൾ അമ്പത്തിമൂന്നു വയസ്സായെന്നും മുപ്പതുകളിലും നാൽപതുകളിലും എടുത്തിരുന്നതിനേക്കാൾ കൂടുതൽ വെയ്റ്റ് ട്രെയിനിങ് ഇപ്പോൾ ചെയ്യുന്നുണ്ടെന്നും മന്ദിര പറഞ്ഞു. പലർക്കും വർക്കൗട്ട് എന്നത് ഒരു ജോലിപോലെ ശ്രമകരമാണെങ്കിൽ തന്നെസംബന്ധിച്ചിടത്തോളം അതൊരു ശീലമാണെന്നും മന്ദിര പറയുന്നു. വ്യായാമം ഇല്ലാത്ത ഒരുദിവസം അപൂർണമായാണ് അനുഭവപ്പെടാറുള്ളത്. പ്രത്യേകിച്ച് സ്ത്രീകൾക്ക്, അവരുടെ മധ്യവയസ്സിലുള്ള ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന് മന്ദിര പറയുന്നു.

തന്നെ സംബന്ധിച്ചിടത്തോളം വ്യായാമമാണ് സപ്ലിമെന്റ് എന്നും മന്ദിര പറയുന്നു. താൻ എല്ലാവർക്കും നൽകുന്ന ഉപദേശവും അതാണ്. വ്യായാമമാണ് എല്ലാത്തിനുമുള്ള മറുമരുന്ന്. അതൊരു പ്രതിരോധവും സപ്ലിമെന്റും ആണെന്നും മന്ദിര കൂട്ടിച്ചേർക്കുന്നു.

കോവിഡ് കാലത്ത് വീട്ടിലിരുന്ന് ആയിരം സ്ക്വാട്ട് ചെയ്യുന്ന മന്ദിരയുടെ വീഡിയോ പുറത്തുവന്നിരുന്നു.

വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്

  • ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
  • പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
  • നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.

വാം അപ് നിർബന്ധം

  • വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
  • വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
  • മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
  • ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
  • അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്‌, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

Content Highlights: Discover Mandira Bedi`s fitness routine and how strength training at 53 keeps her vibrant.