മൊമോസ് വീഴുങ്ങി ഒരാൾ മരിച്ച സംഭവം; സൂക്ഷിച്ച് ചവച്ചരച്ച് കഴിക്കണമെന്ന് എയിംസ്

Representative Image | Photo Mathrubhumi
Representative Image | Photo Mathrubhumi

ന്യൂഡൽഹി: ചൈനയോട് അൽപ്പം നീരസത്തിലാണെങ്കിലും ചൈനക്കാരായ മൊമോസിനോട് പ്രിയമില്ലാത്ത ഇന്ത്യക്കാർ വിരളമാണ്. ചിക്കന്റെയോ പനിറിന്റെയോ കാബേജിന്റെയോ ഒക്കെ കൂട്ട് പച്ചമുളകിന്റെയും കുരുമുളങ്കിന്റെയും മേമ്പൊടിയോടെ മൈദ മാവിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ ഒരു അടാറ് ഐറ്റം. എണ്ണയിൽ പൊള്ളിച്ചെടുക്കുന്ന ഫ്രൈഡ് മൊമോസും ചോക്കലേറ്റ് മൊമോസും ഗ്രേവി മൊമൊസും തന്തൂരി മൊമോസുമൊക്കെ തരാതരം പോലെയുണ്ട്. മയൊണൈസിലോ വെളുത്തുള്ളിയും ചുവന്നമുളകും ചേർത്തരച്ച മുളക് ചമ്മന്തിയിലോ മുക്കി കഴിക്കുന്നതിലെ ആനന്ദം പറഞ്ഞറിയിക്കാനാകില്ല. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മൊമോസ് കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ഡൽഹി എയിംസ്.

അടുത്തിടെ മൊമോസ് വീഴുങ്ങി ഒരാൾ മരിച്ച പശ്ചാത്തലത്തിൽ ‘സൂക്ഷിച്ച് ചവച്ചരച്ച് കഴിക്കണമെന്നാണ്’ എയിംസിന്റെ നിർദേശം. മൊമോസിന്റെ വഴുവഴുത്ത പ്രകൃതവും ചെറിയ ആകൃതിയും കാരണം കഴിക്കുന്നതിനിടെ വിഴുങ്ങിപ്പോകാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. മൈദാ മാവിലുള്ള പലഹാരമായതിനാൽത്തന്നെ ഇവ വിഴുങ്ങിയാൽ തൊണ്ടയിൽ തടയാനും സാധ്യതയുണ്ട്. അതിനാൽ വളരെ കരുതലോടെ മൊമോസ് കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിച്ചിരിക്കുന്നത്.

തെക്കൻ ഡൽഹിയിലെ അൻപതുകാരനാണ് കഴിഞ്ഞദിവസം മൊമോസ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. പരമ്പരാഗത ചൈനീസ് വിഭവമാണെങ്കിലും ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മൊമോസിന് വളരെയേറെ പ്രചാരമുണ്ട്.

ഡൽഹിയും മുംബൈയുമൊക്കെ വിഭവത്തിന്റെ കേന്ദ്രമാണ്. ഡൽഹിയിൽ റോഡരികിൽ മൊമോസ് വിൽക്കുന്ന ചുരുങ്ങിയത് പതിനായിരം പേരെയെങ്കിലും കാണാൻ കഴിയും.

Content Highlights: man dies after choking on momo aiims issues warning