59 കിലോ കുറയ്ക്കാൻ സഹായകമായത് വർക്കൗട്ടിലെ കൃത്യതയും വ്യത്യസ്തതയും; അനുഭവം പങ്കുവെച്ച് യുവാവ്

ജസ്റ്റിന്‍ ഒ റീഗന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍, Photo:instagram/phobiaz
ജസ്റ്റിന്‍ ഒ റീഗന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍, Photo:instagram/phobiaz

വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളില്‍ മാറ്റം വരുത്തിയുമൊക്കെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് ഒട്ടുമിക്കവരും. കൃത്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാത്തത് ഇതിന് വിലങ്ങുതടിയാവാറുമുണ്ട്. എന്നാല്‍ ശരിയായ വ്യായാമമുറകളിലൂടെ ശരീരഭാരം കുറയ്ക്കാമെന്ന് പറയുകയാണ് വെയിറ്റ് ലോസ് കോച്ചായ ജസ്റ്റിന്‍ ഒ റീഗന്‍. ചിട്ടയായ ജീവിതശൈലിയിലൂടെ ഏകദേശം 59 കിലോഗ്രാം ഭാരം കുറച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. കൃത്യമായ വര്‍ക്കൗട്ടുകളിലൂടെ ഭാരം കുറയ്ക്കുകയും ഒപ്പം മസിലുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്തരീതികളിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്താണ് ജസ്റ്റിന്‍ ഭാരം കുറച്ചത്. തിങ്കളാഴ്ച പുഷിങ് എക്‌സര്‍സൈസ്, ചൊവ്വാഴ്ച പുള്ളിങ് എക്‌സര്‍സൈസ്, ബുധനാഴ്ച ലെഗ് എക്‌സര്‍സൈസും നടത്തും. വ്യാഴാഴ്ച വിശ്രമിക്കും. വെള്ളിയാഴ്ച ചെസ്റ്റ്, ബാക്ക് എക്‌സര്‍സൈസ്, ശനിയാഴ്ച ഷോള്‍ഡര്‍ എക്‌സര്‍സൈസും. ഞായറാഴ്ച വീണ്ടും ലെഗ് എക്‌സര്‍സൈസ് കൂടി നടത്തുന്നതോടെ ഒരു ആഴ്ചയിലെ വര്‍ക്കൗട്ട് അവസാനിക്കും. ഇത് നടപ്പിലാക്കിയതിന് പിന്നാലെ  59 കിലോഗ്രാം ഭാരം കുറഞ്ഞെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. വര്‍ക്കൗട്ടിന്റെ നിരവധി ചിത്രങ്ങള്‍ ജസ്റ്റിന്‍ പങ്കുവെച്ചിട്ടുണ്ട്.  

വര്‍ക്കൗട്ടുകളിൽ പ്രധാനപ്പെട്ടവയാണ് പുഷ്/ പുള്‍ എക്‌സര്‍സൈസുകള്‍. ശക്തി വര്‍ധിപ്പിക്കുകയാണ് ഈ വ്യായാമമുറകളുടെ പ്രധാനലക്ഷ്യം. വെയിറ്റഡ് ബെഞ്ച് പ്രസ്, ഡിക്ലൈന്‍ ബെഞ്ച് പ്രസ്, ഓവര്‍ഹെഡ് പ്രസ്, പുഷ് അപ്‌സ് എന്നിവയാണ് കൂടുതലായി ഉപയോഗിച്ചുവരുന്ന പുഷിങ് എക്‌സര്‍സൈസുകള്‍. പുള്‍ അപ്‌സ്, ഡെഡ്‌ലിഫ്റ്റ്, ബാക്ക് എക്സ്റ്റന്‍ഷന്‍, ബെന്റ് ഓവര്‍ റോ എന്നിവ പുള്ളിങ് എക്‌സര്‍സൈസിലുള്‍പ്പെടുന്നു.

കലോറി കുറയ്ക്കാനും കാര്‍ഡിയോവാസ്‌കുലാര്‍ ഫങ്ഷനുകള്‍ മെച്ചപ്പെടുത്താനും ലെഗ് വര്‍ക്കൗട്ടുകള്‍ സഹായിക്കും. സ്‌ക്വാറ്റ്‌സ്, വെയിറ്റഡ് സ്‌ക്വാറ്റ്‌സ്, ലെഗ് പ്രസ്സസ് എന്നിവ ഇതിലുള്‍പ്പെടുന്നു. ചെസ്റ്റ്, ഷോള്‍ഡര്‍ വര്‍ക്കൗട്ടുകള്‍ മസിലുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഒരു പ്രൊഫഷണല്‍ ജിം ട്രെയിനറുടെ നിര്‍ദേശപ്രകാരം മാത്രമേ ഈ വര്‍ക്കൗട്ടുകള്‍ നടത്താന്‍ പാടുള്ളൂ.

വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങള്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിര്‍ദേശത്തോടെയാവാം വ്യായാമങ്ങള്‍.
  • എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
  • ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാന്‍ തുടങ്ങാം. നടത്തം, ഓട്ടം, നീന്തല്‍, വിവിധതരം കളികള്‍, ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. 
  • മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
  • ജിമ്മിലാണെങ്കില്‍ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കാവൂ. 
  • രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ചിലര്‍ക്ക് ഉണ്ടാകാം. സ്ത്രീകളിലാണെങ്കില്‍ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം. 
  • വ്യായാമത്തിന് മുന്‍പ് വാം അപ് നിര്‍ബന്ധമാണ്. കൈകാലുകള്‍ക്ക് സ്‌ട്രെച്ചിങ് നല്‍കണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്‌തേശഷം വ്യായാമത്തിലേക്ക് കടക്കാം. 
  • വര്‍ക്ക്ഔട്ടിന് മുന്‍പ് പ്രീവര്‍ക്ക് ഔട്ട് മീല്‍സ് കഴിക്കാം.  മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും. 
  • ആദ്യഘട്ടത്തില്‍ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങാം. 
  • അമിതഭാരമുള്ളവര്‍ ഒരു പേഴ്‌സണല്‍ ട്രെയിനറുടെ കീഴില്‍ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വര്‍ക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദേശം ലഭിക്കാന്‍ അത് നല്ലതാണ്. 
  • വ്യായാമത്തിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുകയും ദാഹിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.

Content Highlights: Man Claims He Lost 59 Kgs While Gaining Muscle Shares Workout Regime