അണ്ഡശീതീകരണത്തെക്കുറിച്ച് അന്നാരും പറഞ്ഞുതന്നില്ല, ഡോക്ടർ മുടന്തൻ ന്യായം പറഞ്ഞു -മംമ്താ മോഹൻദാസ്

#Health Desk
മംമ്താ മോഹൻദാസ് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി
മംമ്താ മോഹൻദാസ് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

ർബുദ ചികിത്സാ കാലഘട്ടത്തിൽ നേരിട്ട വലിയ വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്താ മോഹൻദാസ്. രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഭാവിയിൽ മാതൃത്വത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഡോക്ടർമാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയില്ലെന്ന് മംമ്‌ത ആരോപിച്ചു. ചികിത്സയുടെ ഭാഗമായുള്ള ട്രാൻസ്‌പ്ലാന്റ് നടപടികൾക്ക് മുൻപ് അണ്ഡം ശീതീകരിച്ചു വെക്കുന്നതിനെക്കുറിച്ച് ആരും തന്നോട് സംസാരിച്ചില്ലെന്നും മംമ്‌ത വെളിപ്പെടുത്തി. ലോക കാൻസർ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

തനിക്ക് കാൻസറാണെന്ന് കണ്ടുപിടിച്ചത് 24 വയസിലാണെന്നും 27-28 വയസ്സിലാണ് ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതെന്നും മംമ്ത പറഞ്ഞു. അണ്ഡം ശീതീകരിച്ചു വയ്ക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. ഡോക്ടർമാർക്ക് ഇതേകുറിച്ച് അറിയാം. പക്ഷേ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞിട്ടാണ് താൻ അതിനെപ്പറ്റി പോയി ചോദിക്കുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങൾ അതേപ്പറ്റി ചോദിച്ചില്ല എന്ന മുടന്തൻ ന്യായമാണ്. നമുക്ക് ഇതേപ്പറ്റി എങ്ങനെ അറിയാൻ ആണ്. അന്നൊക്കെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഈ ഡോക്ടർമാർ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. അവരെ കുറ്റം പറയുന്നില്ല. പക്ഷേ നമ്മുടെ വൈദ്യശാസ്ത്ര മേഖല കൃത്യമായൊരു ഘടനയില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്ന് മംമ്താ മോഹൻദാസ് അഭിപ്രായപ്പെട്ടു.

"അന്നത്തെ കാലത്ത് സ്റ്റിഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ പറ്റുമോ. സ്വന്തം മാതാപിതാക്കൾ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്. എനിക്ക് സപ്പോർട്ട് ആയി ആ സമയത്ത് വന്നവരുണ്ട്, എനിക്കൊപ്പം ഇരുന്ന് തമാശ പറഞ്ഞിട്ടുണ്ട്. സപ്പോർട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആൾക്കാർക്കുള്ളത് സഹതാപമാണ്. രോഗമുള്ളവരെ സംബന്ധിച്ച് അത് ടോക്സിക്കാണ്.

പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിങിന് പോയിട്ടുണ്ട്. എന്റെ ജോലിയിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് മാത്രമേ ചെയ്യാൻ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റം ക്രിയേറ്റ് ചെയ്യാനും ബിൽഡ് ചെയ്യാനും പറ്റണം. സ്വന്തം കുടുംബാംഗങ്ങൾ സപ്പോർട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് വരും. അവർ നമുക്ക് ചുറ്റുമിരുന്ന് എപ്പോഴും സങ്കടപ്പെടുന്നത് കാെണ്ടും കരയുന്നത് കൊണ്ടും ഫെെറ്റ് ചെയ്യുന്ന പേഷ്യന്റിന് ഒരു ശക്തിയും ലഭിക്കില്ല." മംമ്ത പറഞ്ഞു.

ആ സമയത്ത് ശരിക്കും വേണ്ടത് കുറച്ച് സെൻസ് ഓഫ് ഹ്യൂമറുള്ള ആൾക്കാരാണ്. ഒന്ന് ചിരിക്കുന്നതുപോലും രോഗിയെ ഒരുപാട് സഹായിക്കും. നിങ്ങളുടെ കാൻസറിനെക്കുറിച്ച് അറിയാനും സമ്മർദ്ദമില്ലാത്ത ജീവിതം ജീവിക്കുകയെങ്ങനെയെന്ന് അറിയാനും നിങ്ങളുടെ ഫോൺ ഉപയോഗിക്കുക. ജീവിത ശൈലിയിൽ മാറ്റം വരുത്തുക. ഇതൊക്കെയാണ് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യം. കാൻസറിന്റെ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ പറ്റില്ല. നല്ല ജീവിതശൈലിയായിര‍ുന്നു പിന്തുടർന്നിരുന്നത്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നിട്ടും തനിക്ക് കാൻസർ വന്നുവെന്നും മംമ്‌ത മോഹൻദാസ് കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ കാൻസറിനെ ധീരമായി നേരിട്ട വ്യക്തിയായാണ് മംമ്‌ത മോഹൻദാസ് അറിയപ്പെടുന്നത്. 2009-ൽ ഹോഡ്ജ്കിൻസ് ലിംഫോമ ബാധിച്ച താരം നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. എന്നാൽ 2013-ൽ രോഗം വീണ്ടും തിരിച്ചെത്തി. മംമ്ത അപ്പോഴും തളരാതെ രോഗത്തോട് പോരാടുകയായിരുന്നു.

Content Highlights: Mamta Mohandas reveals doctors failed to advise on egg freezing during cancer treatment.