അവയവം ഏറെനേരം സൂക്ഷിക്കാനുള്ള ഉപകരണം കൈയെത്തും ദൂരെ; അവയവമാറ്റ ശസ്ത്രക്രിയയിൽ പുതുപ്രതീക്ഷ

മലപ്പുറം: മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി പുറത്തെടുക്കുന്ന അവയവങ്ങൾ ദീർഘനേരം സൂക്ഷിക്കാവുന്ന ഉപകരണത്തിനായി ഇനി ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ഇത്തരം ഉപകരണം വികസിപ്പിക്കുന്നതിന് തൊട്ടടുത്തെത്തിയിരിക്കയാണ് മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം.
മനുഷ്യരുടെ ശരീരത്തിൽനിന്ന് പുറത്തെടുക്കുന്ന അവയവങ്ങൾ ഏതാനും മണിക്കൂറുകൾക്കകം മാറ്റിവെക്കേണ്ടതിനാൽ ദൂരെയുള്ള ആശുപത്രികളിലേക്ക് എത്തിക്കൽ പലപ്പോഴും പ്രയാസകരമാണ്. ഇതിന് പരിഹാരമാകും പുതിയ കണ്ടെത്തലെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഡോ. പി.എം. നബീലിന്റെ നേതൃത്വത്തിലാണ് ഗവേഷണം പുരോഗമിക്കുന്നത്. ചെന്നൈയിലെ ഹെൽത്ത് കെയർ ടെക്‌നോളജി ഇന്നവേഷൻ സെന്ററിൽ (എച്ച്.ടി.ഐ.സി.) പ്രിൻസിപ്പൽ സയന്റിസ്റ്റാണ് നബീൽ. ഗവേഷണത്തിൽ 12 മണിക്കൂറിലധികം മൃഗങ്ങളുടെ ഹൃദയം സൂക്ഷിക്കാനായതായി ഡോ. നബീൽ പറഞ്ഞു. മനുഷ്യരുടെ അവയവങ്ങളും ഇതേരീതിയിൽ സൂക്ഷിക്കാനുള്ള ഗവേഷണങ്ങളാണ് അടുത്തഘട്ടം.
അടുത്ത ശരീരത്തിലെത്തുന്നതുവരെ അവയവം ഐസ്‌കൂളിങ് പോലുള്ള രീതീകളിൽ ‘നിർജീവ’മായി സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഹൃദയം, ശ്വാസകോശം പോലുള്ളവ നാലുമണിക്കൂറിനുള്ളിൽ പുതിയ ശരീരത്തിലെത്തണം. ഈ സമയത്തിനിടയിൽ അവയവത്തിന് എന്തെങ്കിലും സംഭവിച്ചാൽ ശസ്ത്രക്രിയ പരാജയപ്പെട്ടെന്നും വരാം. ഇവ ദീർഘദൂരങ്ങളിലെത്തിക്കാൻ പലപ്പോഴും ഗതാഗതനിയന്ത്രണങ്ങളും എയർ ആംബുലൻസ് സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടിവരും. ഇതിനുള്ള ചെലവ് കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിലാണ് കൂടുതൽ സമയം അവയവങ്ങൾ സൂക്ഷിക്കാനുള്ള ഉപകരണങ്ങളുടെ ആവശ്യകതയേറുന്നത്.
അവയവം ശരീരത്തിനകത്ത് എപ്രകാരമാണോ ഉള്ളത്, അതേ സാഹചര്യം പുറത്തും ഒരുക്കുകയാണ് ഡോ. നബീലും സംഘവും ചെയ്യുന്നത്. രക്തം, ഓക്‌സിജൻ തുടങ്ങിയവയൊക്കെ കൃത്രിമമായി ഒരുക്കി അവയവത്തെ സജീവമായി നിലനിർത്തും. ഈ കണ്ടുപിടിത്തം നബീലിന് തന്റെ 34-ാം പേറ്റന്റ് നേടിക്കൊടുത്തിട്ടുണ്ട്. ഡോ. പ്രിയങ്ക നടുപറമ്പിൽ, ഡോ. ജയരാജ് ജോസഫ്, പ്രൊഫ. മോഹനശങ്കർ എന്നിവർ സഹഗവേഷകരാണ്.
വടക്കാങ്ങര പിലാപ്പറമ്പിൽ പരേതനായ മസൂദിന്റെയും സഫിയയുടേയും മകനാണ് ഡോ. നബീൽ. ഡോ. തസ്‌നീമയാണ് ഭാര്യ.
Content Highlights: New device enables longer preservation of organs for transplant surgery., Successfully tested on animal hearts for over 12 hours., Replicates internal body conditions using artificial blood and oxygen circulation., Led by Dr. PM Nabeel, Principal Scientist at HTIC, Chennai., Reduces the need for emergency logistics and air ambulances for transplant