അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം, ജാഗ്രത കൈവിടരുത്, കൃത്യമായി വാക്സിനെടുക്കണം

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി ബാധിച്ച് ഒന്നരവയസ്സുകാരൻ ബുധനാഴ്‌ചയാണു മരിച്ചത്. ഇക്കഴിഞ്ഞ 15-ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള ഒരാൺകുട്ടിയും രോഗം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ ഒരാഴ്‌ചയ്ക്കിടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ജില്ലയിൽ ബുധനാഴ്‌ചവരെ 103 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 476 പേർ ഇതുമായി ബന്ധപ്പെട്ട് നീരീക്ഷണത്തിലുമുണ്ട്. രോഗത്തിനെതിരേ കൃത്യമായ മുൻകരുതലും വാക്‌സിനേഷനും എടുക്കുകയാണെങ്കിൽ ഇതിനെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരുവർഷം 25 ലക്ഷം കുട്ടികളെ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രോഗലക്ഷണങ്ങൾ
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതൽ 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കാണുക. ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. കൂടാതെ പനി, ചുമ, ജലദോഷം, ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയ്ക്കും സാധ്യതയുണ്ട്.
രോഗം പകരുന്നത്
വൈറസുകൾ വായുവിലൂടെയാണ് പകരുക. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും പകരുക. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്കുതെറിക്കുന്ന ചെറിയ കണികകളിൽ വൈറസുകളും ഉണ്ടാകും.
രോഗം ബാധിക്കുന്നത്
കൗമാരപ്രായക്കാരിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാകാറുണ്ട്. എന്നാൽ ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം ഗുരുതരമാകുക.
ചികിത്സയും പ്രതിരോധവും
മീസൽസ് റുബല്ല അഥവാ (എം.ആർ. വാക്‌സിൻ) കൃത്യമായി എടുക്കുന്നതുവഴി രോഗത്തെ തടയാം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. കുട്ടിയുടെ ഒൻപതാംമാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് വാക്‌സിനും 16-ാം മാസം കഴിഞ്ഞാൽ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ചുവയസ്സുവരെ വാക്‌സിൻ എടുക്കാം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ സൗജന്യമാണ്
കൃത്യമായി വാക്സിനെടുക്കണം
വാക്സിനേഷനോട് പലരും വിമുഖത കാണിക്കുന്നുണ്ട്. ഇതൊരു ഗുരുതരപ്രശ്നമാണ്. കൃത്യമായി വാക്സിനെടുത്താൽ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ തേടരുത്. സാമൂഹിക അകലം പാലിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും ചെയ്യണം. പനിയുള്ളവർ നിർബന്ധമായും മാസ്‌ക് ഉപയോഗിക്കണം. രോഗം പൂർണമായും ഭേദമാകുന്നതുവരെ കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളുകളിൽ അയക്കരുത്.
ഡോ. വി. വിനോദ്
ജില്ലാ മെഡിക്കൽ ഓഫീസർ
പ്രതിരോധ കുത്തിവെപ്പിന്റെ കുറവ് വെല്ലുവിളി
കാളികാവ്: മലപ്പുറത്ത് അഞ്ചാംപനി വീണ്ടും വ്യാപിക്കുന്നതിനിടെ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണം ആശങ്ക ഉയർത്തുന്നു. 2021 മുതൽ 2026 സെപ്റ്റംബർ 18 വരെ ജില്ലയിൽ ജനിച്ച 3.9 ലക്ഷം കുട്ടികളിൽ 54,941 പേർക്ക് എം.ആർ. കുത്തിവെപ്പിന്റെ ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ല. രണ്ട് ഡോസും സ്വീകരിച്ച് പ്രതിരോധം പൂർത്തിയാക്കിയവർ 2.7 ലക്ഷം പേർ മാത്രമാണ്. 15 ദിവസത്തിനിടെ അഞ്ചാംപനി രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മൂന്ന് കുട്ടികൾ മരിച്ചതും ആശങ്ക വർധിപ്പിക്കുന്നു.
ആദ്യ ഡോസ് സ്വീകരിച്ച കുട്ടികളുടെ നിരക്ക് 86 ശതമാനമാണെങ്കിൽ രണ്ടാം ഡോസ് സ്വീകരിച്ച് പ്രതിരോധം പൂർത്തിയാക്കിയവർ 70 ശതമാനം മാത്രമാണ്. ആദ്യ ഡോസ് ലഭിച്ചിട്ടും രണ്ടാം ഡോസ് ലഭിക്കാത്തത് 1,17,732 കുട്ടികൾക്കാണ്. എം.ആർ.1, എം.ആർ.2 ഡോസുകളുടെ ശരാശരി എടുത്താൽ ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് പൂർത്തീകരണനിരക്ക് 78 ശതമാനമാണ്. ആരോഗ്യ ബ്ലോക്കുകൾ തമ്മിലും കുത്തിവെപ്പ് നിരക്കിൽ വലിയ വ്യത്യാസമുണ്ട്. എം.ആർ.-1, എം.ആർ.-2 ഡോസുകൾ സ്വീകരിച്ച കുട്ടികൾ നിലമ്പൂർ, പെരുമ്പടപ്പ് ബ്ലോക്കുകൾ 85.5 ശതമാനവുമായി മുന്നിലാണ്. കൊണ്ടോട്ടി, പെരിന്തൽമണ്ണ ബ്ലോക്കുകൾ 82 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. താനൂർ 71 ശതമാനവും മലപ്പുറം 72 ശതമാനവും കുറ്റിപ്പുറം 75 ശതമാനവുമായി പിറകിലാണ്.
കുത്തിവെപ്പ് കുറവ് ഭീഷണിയായിട്ടാണ് ആരോഗ്യവകുപ്പ് കാണുന്നത്. രോഗവ്യാപനം വർധിച്ചതോടെ വാക്സിനേഷൻ ക്യാമ്പുകൾ ശക്തമാക്കിയിട്ടുണ്ട്. കുത്തിവെപ്പ് പൂർത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. 2023-ലാണ് ജില്ലയിൽ അഞ്ചാംപനി വ്യാപകമായി റിപ്പോർട്ട് ചെയ്തത്. അന്ന് 1,304 പേർക്ക് രോഗം ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശക്തമായ പ്രതിരോധപ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം നിയന്ത്രിക്കാനായെങ്കിലും കുത്തിവെപ്പ് പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.
Content Highlights: A measles outbreak in Malappuram has resulted in the death of a 1.5-year-old, marking the second fatality in a week.