സൗഹൃദത്തിന് എന്ത്‌ രേഖ? വൃക്കദാന അനുമതി നിഷേധിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതി

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ചെന്നൈ: കുടുംബസുഹൃത്തുക്കളാണെന്ന്‌ തെളിയിക്കുന്ന രേഖ ഹാജരാക്കാത്തതിന്റെപേരിൽ വൃക്കദാനത്തിന് അനുമതി നിഷേധിച്ച അധികൃതരുടെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സൗഹൃദത്തിന് രേഖ ഹാജരാക്കാൻ എങ്ങനെകഴിയുമെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷ് ചോദിച്ചു.

സ്നേഹമെന്ന വികാരമാണ് രണ്ടുപേർതമ്മിലുള്ള സൗഹൃദത്തിൽ നിർണായകം. രേഖാമൂലമുള്ള ധാരണയുടെപുറത്തല്ല സൗഹൃദം സ്ഥാപിക്കുന്നത്. കുടുംബസുഹൃത്തുക്കളാണെന്നതിന് രേഖ ഹാജരാക്കിയില്ലെന്ന കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൃക്കദാനത്തിന് അനുമതി നിഷേധിച്ചത് അംഗീകരിക്കാനാവില്ല -കോടതി പറഞ്ഞു.

തഞ്ചാവൂർ സ്വദേശി വി. പെരിയസാമിക്ക് വൃക്ക ദാനംചെയ്യാൻ സന്നദ്ധതപ്രകടിപ്പിച്ച ഈറോഡ് സ്വദേശിയായ സി. ഗണേശനാണ് അവയവക്കൈമാറ്റത്തിന് അംഗീകാരംനൽകേണ്ട സമിതി അനുമതി നിഷേധിച്ചത്. തങ്ങൾ കുടുംബസുഹൃത്തുക്കളാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഗണേശൻ അവയവദാനത്തിന് സന്നദ്ധനായത്. എന്നാൽ, ഇരുവരും കുടുംബസുഹൃത്തുക്കളാണെന്നതിന് തെളിവില്ലെന്ന് ഈറോഡ് കളക്ടർ റിപ്പോർട്ടുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി നിഷേധിക്കപ്പെടുകയുംചെയ്തു. ഇതിനെ ചോദ്യംചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അടുത്ത ബന്ധുക്കൾതമ്മിൽ മാത്രമേ അവയവദാനം പാടുള്ളൂ എന്ന് നിയമത്തിൽ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അവയവം ദാനംചെയ്യുന്നത് സാമ്പത്തികതാത്പര്യങ്ങളുടെ പുറത്താകരുതെന്നും സ്നേഹബന്ധത്തിന്റെ പേരിലാകണമെന്നുമാണ് നിയമം നിഷ്‌കർഷിക്കുന്നത്. സാമ്പത്തികതാത്പര്യങ്ങൾ ഇല്ലെന്ന് സ്ഥാപിക്കുന്നത് എങ്ങനെയെന്നത് കുഴപ്പംപിടിച്ച വിഷയമാണ്. ഇക്കാര്യം ഉറപ്പിച്ചുപറയേണ്ടത് ദാതാവും സ്വീകർത്താവുംതന്നെയാണ്. വൃക്കദാനത്തിന് അനുമതി നിഷേധിച്ചുകൊണ്ട് ഈ വർഷം ജൂണ് 27-ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നതായി ഹൈക്കോടതി അറിയിച്ചു. അനുമതിക്കായി ഇരുവരും വീണ്ടും സമിതിക്കുമുന്നിൽ ഹാജരാകണം. സമിതി നിയമാനുസൃത തീരുമാനമെടുക്കുകയും വേണം.

Content Highlights: Madras High Court Overturns Kidney Donation Rejection