ന്യൂയോർക്ക് സിറ്റിയിൽ പടർന്ന് ലീജനേഴ്സ് രോഗം, ചികിത്സ വൈകിയാൽ ഗുരുതരമാകും, എന്താണ് ഈ രോഗം?

ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോഗം ബാധിച്ച് രണ്ടുമരണം. അമ്പത്തിയെട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരാേഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഇരുപത്തിരണ്ട് കേസുകൾ സ്ഥിരീകരിച്ചതിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയാവുകയാണ് ചെയ്തത്. പ്രദേശത്തുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ഒട്ടുംവൈകാതെ ചികിത്സയ്ക്ക് വിധേയമാകണമെന്ന് ന്യൂയോർക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി.
നേരത്തേ സ്ഥിരീകരിച്ചാൽ ഫലപ്രദമായ ചികിത്സ നൽകാമെന്നും എന്നാൽ അമ്പത് വയസ്സ് കടന്നവർ, പുകവലിക്കുന്നവർ, ഗുരുതരമായ ശ്വാസകോശ രോഗം ഉള്ളവർ എന്നിവരിൽ അതീവ ജാഗ്രത വേണമെന്നും ഹെൽത്ത് കമ്മീഷണറായ ഡോ. മിഷേൽ മോർസെ പറഞ്ഞു.
എന്താണ് ലീജനേഴ്സ് ഡിസീസ്?
ന്യുമോണിയ എന്ന ശ്വാസകോശാണുബാധയുടെ തീവ്രരൂപമാണ് ലീജനേഴ്സ് ഡിസീസ്. ലിജിയോനെല്ല എന്ന ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലും മണ്ണിലുമുള്ള ഈ ബാക്ടീരിയയെ ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുകവലിക്കുന്നവർ എന്നിവരിൽ രോഗസാധ്യത കൂടുതലാണ്. കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നൽകുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. അല്ലാത്തപക്ഷം ഗുരുതരമാകും.
ലക്ഷണങ്ങൾ
ലിജിയോനെല്ല ബാക്ടീരിയയുമായി സമ്പർക്കത്തിലേർപ്പെട്ട് രണ്ടുമുതൽ പത്തുദിവസത്തിനുള്ളിലാണ് രോഗം സ്ഥിരീകരിക്കുക. തലവേദന, പേശീവേദന, തീവ്രമായ പനി, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ഓക്കാനം, ഛർദി, വയറിളക്കം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ശ്വാസകോശത്തേയാണ് പ്രധാനമായും ബാധിക്കുകയെങ്കിലും ഹൃദയം ഉൾപ്പെടെയുള്ള മറ്റുഭാഗങ്ങളിലേക്കും പടരാനിടയുണ്ട്. ഇതേ ബാക്ടീരിയ തന്നെയാണ് പോൺടിയാക് ഫീവർ എന്ന രോഗത്തിലേക്കും നയിക്കുന്നത്. എന്നാൽ പോൺടിയാക് ഫീവർ ഉള്ളവരിൽ പനി, വിറയൽ, തലവേദന, സന്ധിവേദന തുടങ്ങിയവ മാത്രമാണ് ഉണ്ടാവുക. അത് ശ്വാസകോശത്തെ ബാധിക്കാറില്ലെന്ന് മാത്രമല്ല ഒരാഴ്ചയ്ക്കുള്ളിൽ ഭേദമാവുകയും ചെയ്യും.
സങ്കീർണതകൾ
ചികിത്സ വൈകിയാൽ ആരോഗ്യം വഷളാവാനും കാരണമാകും. ശ്വാസകോശം തകരാറിലാകുന്നതാണ് അതിൽ പ്രധാനം. ശരീരത്തിന് ആവശ്യമായ ഓക്സിജൻ ഉത്പാദിപ്പിക്കാനും രക്തത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതാവും.
മറ്റൊന്ന് സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയാണ്. രക്തസമ്മർദത്തിന്റെ തോത് പെട്ടെന്ന് പാടേ കുറയുകയും ഇത് പ്രധാനപ്പെട്ട അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യും. മസ്തിഷ്കം, വൃക്ക എന്നീ അവയവങ്ങളേയാണ് പ്രധാനമായും ബാധിക്കുക. തൽഫലമായി ഹൃദയത്തിന് കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടി വരികയും അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും അതുവീണ്ടും രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യും.
Content Highlights: Two deaths and 58 cases of Legionnaires` disease reported in New York City