നിപ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയന്ത്രണം, പേ വാർഡ് മേഖലയിലടക്കം ക്രമീകരണങ്ങൾ

#സ്വന്തം ലേഖകന്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് | Photo - Mathrubhumi archives
കോഴിക്കോട് മെഡിക്കല്‍ കോളേജ് | Photo - Mathrubhumi archives

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ പ്രവേശിപ്പിച്ചതോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പേ വാർഡ് മേഖലയിലും പരിസരപ്രദേശങ്ങളിലുമാണ് രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി സൂപ്രണ്ടിന്റെ നിർദേശത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ബുധനാഴ്ച രാത്രി വൈകിയാണ് രോഗിയെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

നിയന്ത്രണങ്ങൾ ഇങ്ങനെയാണ്:

1. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.

2. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.

3. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്.

4. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.

5. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

6. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.

രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന്. എല്ലാവരുടെയും സഹകരണവും പിന്തുണയും കോളേജ് സൂപ്രണ്ട് വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.

ചികിത്സയിലുളള വ്യക്തിയുടെ സ്രവം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സതേടിയയാൾക്ക് പ്രാഥമികപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമികപരിശോധനയിലാണ് നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

43-കാരനായ രോഗിയുടെ നില അതിഗുരുതരമാണ്. വ്യാഴാഴ്ച സ്രവം പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കും. അതിന്റെ ഫലം വന്നശേഷമേ ഔദ്യോഗികസ്ഥിരീകരണമുണ്ടാവുകയുള്ളൂ.

ചൊവ്വാഴ്ചയാണ് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്ന്, കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

Content Highlights: Nipah confirmed in a 43-year-old patient from Farook., SDS block access restricted and parking prohibited., Mandatory use of main gate for hospital discharge., Samples sent to Pune Virology Institute for final confirmation., Strict compliance required from staff, patients, and bystanders.