ഈസോഫഗൈറ്റിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കിം കർദാഷിയാൻ; എന്താണ് ഈ അവസ്ഥ?

ഈസോഫഗൈറ്റിസ് സ്ഥിരീകരിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത ടി.വി.താരം കിം കർദാഷിയാൻ. ദി കർദാഷിയാൻസ് എന്ന ടി.വി. ഷോയുടെ ട്രെയിലറിലറിലാണ് കിം ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ പലരും ഈസോഫഗൈറ്റിസ് എന്താണെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. അന്നനാളത്തിനുണ്ടാകുന്ന വീക്കമാണ് ഈസോഫഗൈറ്റിസ്.
ഈസോഫഗൈറ്റിസ് ഉള്ളവരിൽ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാകാം. ഇത് നെഞ്ചെരിച്ചിലിനും കാരണമാകും. ആസിഡ് റിഫ്ലക്സ്, അണുബാധ, ചിലയിനം മരുന്നുകൾ, അലർജികൾ തുടങ്ങിയവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. അന്നനാളത്തിന് ഏറ്റിട്ടുള്ള കേടുപാടുകളെ അടിസ്ഥാനമാക്കിയാണ് ചികിത്സ നിശ്ചയിക്കുക.
ചികിത്സിച്ചില്ലെങ്കിൽ അന്നനാളത്തിന്റെ ആന്തരിക പാളി നശിക്കുകയും വായയിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണവും പാനീയങ്ങളും എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. അന്നനാളം ചുരുങ്ങുക, ശരീരഭാരം കുറയുക, നിർജ്ജലീകരണം തുടങ്ങിയവയും ഉണ്ടാവാം.
ലക്ഷണങ്ങൾ
- ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്.
- ഭക്ഷണം ഇറക്കുമ്പോൾ വേദന.
- ഭക്ഷണം അന്നനാളത്തിൽ കുടുങ്ങുക
- നെഞ്ചെരിച്ചിൽ
- ആസിഡ് റിഫ്ലക്സ്
കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമായിക്കാണണമെന്നില്ല. ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുക, ശരിയായ വളർച്ച ഉണ്ടാകാതിരിക്കുക, മുതിർന്ന കുട്ടികളിൽ നെഞ്ചിലോ വയറിലോ ഉണ്ടാകുന്ന വേദന തുടങ്ങിയവ ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുക, ഓവർ ദി കൗണ്ടർ മരുന്നുകൾ ഉപയോഗിച്ചിട്ടും കുറയാതിരിക്കുക, ശരീരഭാരം പെട്ടെന്നു കുറയുക, തലവേദന, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്.
Content Highlights: Kim Kardashian reveals her esophagitis diagnosis in a TV show trailer, sparking curiosity about the condition affecting the esophagus.