മുഖക്കുരുവാണെന്നാണ് കരുതിയത്, പിന്നീടാണ് അർബുദമാണെന്നറിഞ്ഞത്- ക്ലോയി കർദാഷിയാൻ

രോഗങ്ങളേക്കുറിച്ച് സെലിബ്രിറ്റികളിൽ പലരും പങ്കുവെക്കുന്നത് ഇന്ന് സാധാരണമാണ്. പൊതുജനങ്ങൾക്ക് അവബോധം പകരുന്നതിന്റെകൂടി ഭാഗമായാണ് പലരും തുറന്നുപറയുന്നതും. പ്രശസ്ത അമേരിക്കൻ മോഡലായ ക്ലോയി കർദാഷിയാനും അത്തരത്തിലൊരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് ഇപ്പോൾ. ചർമത്തെ ബാധിക്കുന്ന മെലനോമ എന്ന കാൻസർ പിടികൂടിയതിനേക്കുറിച്ചും അതിൽ നിന്നു മുക്തയായതിനേക്കുറിച്ചുമൊക്കെയാണ് ക്ലോയി പങ്കുവെച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ക്ലോയി കർദാഷിയാന്റെ കവിളിൽ രൂപപ്പെട്ട അർബുദം നീക്കം ചെയ്തത്. മുഖത്തിന്റെ ഇടതുവശം സർജറിക്കുശേഷം കുഴിഞ്ഞുപോയതും തുടർന്ന് കോസ്മെറ്റിക് സർജറിയിലൂടെ അതുപരിഹരിച്ചതുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ കോൾ പങ്കുവെച്ചിട്ടുണ്ട്. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷമാണ് മുഖം പഴയപടി ആയതെന്നും ക്ലോയി പറയുന്നുണ്ട്.
കവിളിൽ നിന്ന് ഒരു ട്യൂമർ നീക്കംചെയ്തുവെന്നും അതിന്റെ ഭാഗമായി അവിടെ ഒരു കുഴി പോലെ രൂപപ്പെട്ടിരുന്നുവെന്നും ക്ലോയി പറയുന്നു. പക്ഷേ തനിക്കതിൽ വിഷമമൊന്നും തോന്നിയിട്ടില്ല, കാരണം മെലനോമയ്ക്കു പകരമാണ് കുഴിയുണ്ടായത് എന്നതുകൊണ്ടാണ്. പിന്നീട് കോസ്മെറ്റിക് ഇൻഞ്ചക്ഷനിലൂടെയാണ് മുഖത്തെ കുഴിഞ്ഞുപോയ ഭാഗം ശരിയാക്കിയെടുത്തതെന്നും താരം പറയുന്നു. സർജറിക്കു മുമ്പും ശേഷവുമുള്ള ചിത്രങ്ങളും ക്ലോയി പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ ട്യൂമർ പൂർണമായും നീക്കംചെയ്ത് താൻ കാൻസർ വിമുക്തയായെന്നും ക്ലോയി പറഞ്ഞു. മുഖത്തിലെ ചെറിയൊരു കുരു കാൻസറാകുമെന്ന് താൻ കരുതിയിരുന്നതേയില്ല. കവിളിലെ ചെറിയ പാടുകണ്ടപ്പോൾ മുഖക്കുരുവാണെന്നാണ് കരുതിയിരുന്നത്.
ചർമത്തിലെ അർബുദം സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും താരം ആരാധകരോട് പറയുന്നുണ്ട്. വർഷത്തിലൊരിക്കലെങ്കിലും ചർമരോഗവിദഗ്ധനെ കാണാൻ ശ്രമിക്കണം. ചർമത്തിന് ശ്രദ്ധകൊടുക്കുകയും ശരീരത്തിലെ മാറ്റങ്ങൾ അവ എത്രചെറുതായാൽ പോലും തിരിച്ചറിയുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും ക്ലോയി പറയുന്നു.
എന്താണ് മെലനോമ?
ചർമത്തെ ബാധിക്കുന്ന അർബുദമാണ് മെലനോമ. ചർമത്തിന് നിറം നൽകുന്ന മെലാനിൻ ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് കോശങ്ങളെയാണ് മെലാനോമ ആക്രമിക്കുന്നത്. മെലനോമ ഉണ്ടാകുന്നതിനുള്ള യഥാർഥകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള റേഡിയേഷൻ ഒരുകാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. നാൽപതുവയസ്സിനു താഴെ പ്രായമുള്ളവരിലാണ് മെലനോമ ബാധിക്കുന്നതിനുള്ള സാധ്യത കൂടുതൽ കാണുന്നത്. നേരത്തേ കണ്ടെത്തി ഫലപ്രദമായ ചികിത്സതേടിയാൽ രോഗമുക്തി സുനിശ്ചിതവുമാണ്.
ശരീരത്തിൽ ഏതുഭാഗത്തും മെലനോമ ബാധിക്കാം. എങ്കിലും സൂര്യപ്രകാശമേൽക്കുന്ന കാലുകൾ, കൈകൾ, മുഖം തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായി കാണാറുണ്ട്. ശരീരത്തിൽ നിലവിലുള്ള മറുകിൽ പെട്ടെന്നുണ്ടാകുന്ന മാറ്റമോ, ചർമത്തിൽ അസാധാരണമായി കാണപ്പെടുന്ന പാടുകളോ, വളർച്ചയോ, നിറവ്യത്യാസമോ ഒക്കെ മെലനോമയുടെ ലക്ഷണങ്ങളാകാം.
Content Highlights: Khloe Kardashian Shares Skin Cancer Journey