ലഹരിവിമോചന കേന്ദ്രങ്ങൾ 14, സൈക്കോളജിസ്റ്റ് ഉള്ളത് നാലിടത്ത്;കൗൺസലിങിന് സൈക്യാട്രിക് സോഷ്യൽ വർക്കർമാർ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ആലപ്പുഴ: എക്സൈസിന്റെ വിമുക്തി പദ്ധതിക്കു കീഴിലെ ലഹരിവിമോചന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ല. സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ വിമുക്തികേന്ദ്രമുണ്ടെങ്കിലും കൊല്ലം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനമുള്ളത്.

മൂന്നുവർഷത്തിലേറെയായി സൈക്കോളജിസ്റ്റിന്റെ സേവനമില്ലാത്ത കേന്ദ്രങ്ങളുണ്ട്. അവിടെ സൈക്യാട്രിക് സോഷ്യൽ വർക്കർമാരാണ് കൗൺസലിങ് നൽകുന്നത്. കോഴിക്കോട്ട് സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മൂന്നു മേഖലാ കൗൺസലിങ് സെന്ററുകളുണ്ട്. ആവശ്യമുള്ളപ്പോൾ അവിടങ്ങളിലെ കൗൺസലർമാരുടെ സേവനം തേടുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവർ ഓരോരുത്തരും സ്റ്റാഫ് നഴ്സ്, സുരക്ഷാ ജീവനക്കാർ എന്നിവർ മൂന്നുവീതവും ഒരു ക്ലീനിങ് സ്റ്റാഫുമാണ് ഓരോ കേന്ദ്രത്തിലും വേണ്ടത്. സൈക്കോളജിസ്റ്റിനെ നിയമിക്കാനുള്ള ചുമതല ജില്ലാ മെഡിക്കൽ ഓഫീസർക്കാണ്.

യോഗ്യരായ അപേക്ഷകരില്ലാത്തതാണ് നിയമനം നടത്താൻ തടസ്സമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ പറയുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ അല്ലെങ്കിൽ പിജിഡിസിപി യോഗ്യതയും ആർസിഐ രജിസ്ട്രേഷനുമാണ് സൈക്കോളജിസ്റ്റിനു വേണ്ട യോഗ്യത.

ഇതിൽ ഇളവുവരുത്തണമെന്ന് എക്സൈസ് അധികൃതർ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച് കത്തുനൽകിയെന്നും മന്ത്രിയുടെ ഓഫീസുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വേതനം വർധിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യം സംബന്ധിച്ചും കത്തുനൽകിയതായും അവർ പറഞ്ഞു.

Content Highlights: Shortage of Clinical Psychologists in Kerala's Addiction Treatment Centers