2030-ടെ പാമ്പുകടിയേറ്റുള്ള മരണം പൂജ്യമാക്കും, സമഗ്ര ആക്ഷൻ പ്ലാനുമായി സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളും വൈകല്യങ്ങളും 2030-ഓടെ പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ സമഗ്ര ആക്ഷൻ പ്ലാൻ നടപ്പാക്കുന്നു. പാമ്പുകടിയെ പൊതുജനാരോഗ്യ നിയമപ്രകാരം നിർബന്ധമായും റിപ്പോർട്ടുചെയ്യേണ്ട രോഗമായി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് ആക്ഷൻ പ്ലാൻ അംഗീകരിച്ച് ഉത്തരവിറക്കിയത്.
ആരോഗ്യം, വനം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ‘വൺ ഹെൽത്ത്’ സമീപനമാണ് പദ്ധതിയുടെ അടിസ്ഥാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളിലും ആന്റി സ്നേക്ക് വെനം ലഭ്യമാക്കൽ, റഫറൽശൃംഖല ശക്തിപ്പെടുത്തൽ, അടിയന്തര ചികിത്സാസംവിധാനങ്ങൾ വികസിപ്പിക്കൽ, ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം എന്നിവയ്ക്ക് മുൻഗണന നൽകും.
പാമ്പുകടി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കണ്ടെത്താൻ ആരോഗ്യ, വനം വകുപ്പുകളുടെ വിവരങ്ങൾ സംയോജിപ്പിച്ച് ഹോട്ട്‌സ്പോട്ട് മാപ്പിങ് നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പാമ്പുകടി ഹെൽപ്പ്‌ലൈൻ, വിദഗ്ധരുടെ വാട്സാപ്പ് പിന്തുണ, ആംബുലൻസ് സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ലബോറട്രി പരിശോധനാ ശേഷിയും വർധിപ്പിക്കും. സ്കൂളുകളിലും അങ്കണവാടികളിലും പാമ്പുകടി സുരക്ഷാ മാർഗനിർദേശങ്ങൾ നടപ്പാക്കും. പരിസരശുചീകരണം, കെട്ടിടങ്ങളുടെ സുരക്ഷ, അധ്യാപക-വിദ്യാർഥി പരിശീലനം, അടിയന്തരപ്രതികരണസംവിധാനം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ഭാഗവും കർമപരിപാടിയിലുണ്ട്.
Content Highlights: Targeting zero snakebite deaths and disabilities by 2030., Implementation of a multi-departmental 'One Health' strategy., Mandatory reporting of snakebite cases under public health laws