കേരളത്തിന്റെ മാതൃകാ ഇടപെടൽ, രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിൽനിന്ന്
കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിൽനിന്ന്

ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാർഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകൾ. സ്വകാര്യ മേഖലയിൽ വൻ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികൾ മാറിയാൽ ചെലവിൽ വലിയ മാറ്റങ്ങളുണ്ടാകുന്നു. പല കുടുംബങ്ങൾക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരിൽനിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിർദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റ ആശുപത്രിയോ, ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാൽ അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാന സർക്കാർ ചേവായൂരിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുന്നത്. വലിയ ചികിത്സാ ചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാർഥ്യമാകുന്നതോടെ കുറഞ്ഞ ചെലവിൽ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രോഗികൾക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സർക്കാർ ഉടൻ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്ര, ഗവേഷണ, ചികിത്സാ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. ചികിത്സയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് സാധാരണക്കാരെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നേറുന്നത്. ആർദ്രം മിഷൻ നടപ്പാക്കിയതോടെ കേരളത്തിലെ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കാൻ സർക്കാറിന് സാധിച്ചു. 12 ആശുപത്രികളിൽ മാത്രമായിരുന്ന ഡയാലിസിസ് സൗകര്യം ഇപ്പോൾ 125 കേന്ദ്രങ്ങളിലായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എംപി, മേയർ ഒ.സദാശിവൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.കെ.രമ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി.വിശ്വനാഥൻ, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ.ജി.സജിത്ത് കുമാർ, ഡിഎംഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ.ഷാജി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സ്‌പെഷ്യൽ ഓഫീസർ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഐ.സി.യു, എച്ച്.ഡി.യു സൗകര്യങ്ങൾ, ഡയാലിസിസ് സെന്റർ, 10 ഓപറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിർമാണം. ട്രാൻസ്പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്സുകൾക്കും പദ്ധതിയുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. വർഷം തോറും 1,100 കോർണിയ ട്രാൻസ്പ്ലാന്റുകൾ, 520 വൃക്ക ട്രാൻസ്പ്ലാന്റുകൾ, 320 കരൾ ട്രാൻസ്പ്ലാന്റുകൾ, 15 ആന്ത്ര (ഇന്റസ്റ്റൈനൽ) ട്രാൻസ്പ്ലാന്റുകൾ, 15 പാൻക്രിയാസ് ട്രാൻസ്പ്ലാന്റുകൾ, 50 ഹൃദയ ട്രാൻസ്പ്ലാന്റുകൾ, 40 ശ്വാസകോശ ട്രാൻസ്പ്ലാന്റുകൾ, 120 ബോൺ മാരോ ട്രാൻസ്പ്ലാന്റുകൾ, 300 സോഫ്റ്റ്ടിഷ്യു/വിരൽ/കൈ/എല്ല്/മുഖം ട്രാൻസ്പ്ലാന്റുകൾ എന്നിങ്ങനെ നടത്താനാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമാണം.