1960-കളിൽ ജർമനിയിലേക്കുണ്ടായ വനിതാ നഴ്സുമാരുടെ ചരിത്ര യാത്രകൾ, ഒഴുകിയെത്തിയ സാമ്പത്തികം

#രശ്മി രഘുനാഥ്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കോട്ടയം: കേരളപ്പിറവിയുടെ എഴുപതാം പിറവി ആഘോഷിക്കുമ്പോൾ നാടിന്റെ സാമ്പത്തിക-സാമൂഹിക അടിത്തറയെ താങ്ങിനിർത്തിയ നഴ്സിങ് സേവന ചരിത്രത്തിൽ നിർണായകമായ അധ്യായമുണ്ട് കോട്ടയത്തിന്. 1960-കളിൽ മധ്യതിരുവിതാംകൂറിൽനിന്ന് പ്രത്യേകിച്ച് കോട്ടയത്തുനിന്ന് ജർമനിയിലേക്കുണ്ടായ വനിതാ നഴ്സുമാരുടെ യാത്രകൾ. രണ്ടാം ലോകമഹായുദ്ധശേഷമാണ് ഇന്ന് ലോകം മുഴുവൻ പടർന്നുപന്തലിച്ച മലയാളി നഴ്സുമാരുടെ ആ വിജയയാത്രയുടെ തുടക്കം.

ജർമനിയും സഭാ ഇടപെടലും

രണ്ടാം ലോകമഹായുദ്ധശേഷം ജർമനിയിൽ നഴ്സുമാരുടെ കുറവ് അനുഭവപ്പെട്ടപ്പോൾ, പത്താംക്ളാസ് പഠിച്ച ആതുരസേവനം ചെയ്യാൻ താത്പര്യമുള്ളവർക്ക് അവസരമുണ്ടെന്ന സന്ദേശം ലഭിച്ചു. കോട്ടയം, ചങ്ങനാശ്ശേരി, പത്തനംതിട്ട മേഖലകളിലെ പള്ളികൾ വഴി നൽകിയ അറിയിപ്പുകളിലൂടെ നൂറുകണക്കിന് പെൺകുട്ടികൾ ജോലിതേടി വിമാനം കയറി.

‘‘കേരളത്തിലെ സ്ത്രീകളുടെ ശരിക്കുമുള്ള ആദ്യ കുടിയേറ്റമായിരുന്നു ജോലിതേടിയുള്ള നഴ്സുമാരുടെ ജർമൻ യാത്ര. ഇവർക്കായി ഇടവകകൾ വഴി ജർമൻഭാഷ പഠിപ്പിച്ചുകൊടുത്ത് അവർക്കായി എല്ലാ സഹായവും ചെയ്തുകൊടുത്തത് പള്ളി വഴിയാണ്’’- ഇതേ വിഷയം ആധാരമാക്കി ‘ട്രാൻസ്ലേറ്റഡ് ലൈഫ്’ എന്ന ഡോക്കുമെന്ററി സംവിധാനംചെയ്ത ഷൈനി ജേക്കബ് ബെഞ്ചമിൻ പറയുന്നു. ഭാഷയോ സംസ്കാരമോ ഭക്ഷണരീതിയോ അറിയാതെ, മഞ്ഞുവീഴുന്ന ജർമൻ മണ്ണിലിറങ്ങിയ അവർ ഏകാന്തതയെയും തണുപ്പിനെയും പ്രാർഥന കൊണ്ടും ഒത്തൊരുമകൊണ്ടും അതിജീവിച്ചു. അവരുടെ കഠിനാധ്വാനവും ആതുരസേവനത്തിലെ മികവും കണ്ട ജർമൻ സമൂഹം അവരെ സ്നേഹത്തോടെ 'ബ്രൗൺ ഏഞ്ചൽസ്' എന്ന് വിളിച്ചു.

ഒഴുകിയെത്തിയ സാമ്പത്തികം

അവർ വിദേശത്തുനിന്ന് അയച്ച പണം കോട്ടയത്തെ സാധാരണ കുടുംബങ്ങളുടെ തലവര മാറ്റി. പട്ടിണിയിലായിരുന്ന കുടുംബങ്ങൾ കരകയറി. കടംവീട്ടി. സഹോദരങ്ങൾക്ക് പഠനവും സഹോദരിമാർക്ക് വിവാഹവും സാധ്യമാക്കി. കുടുംബത്തെ കരകയറ്റിയ കുടിയേറ്റമായി അവരുടെ യാത്ര. നാടെങ്ങും പുതിയ വീടുകൾ ഉയർന്നു. കുടുംബാംഗങ്ങളെ പലരെയും അങ്ങോട്ടേക്ക് കൊണ്ടുപോയി മധ്യകേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി ഈ പെൺകുട്ടികൾ മാറി.

പിന്നീട് ഇവർ നാട്ടിൽനിന്ന് വിവാഹം കഴിച്ച് ഭർത്താക്കന്മാരെ ജർമനിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ആദ്യകാല നിയമങ്ങൾ കാരണം പുരുഷന്മാർക്ക് ജോലിചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ഭാര്യ ജോലിക്കു പോയി ഭർത്താവ് വീട്ടുജോലിയും കുഞ്ഞുങ്ങളുടെ പരിചരണവും ഏറ്റെടുത്തു. അങ്ങനെ മലയാളി സമൂഹത്തിൽ പെൺകുട്ടി കുടുംബത്തിന്റെ പ്രധാന സാമ്പത്തികസ്രോതസ്സായി മാറുന്ന വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യംവഹിച്ചു. ‘‘1965-ലാണ് ഞാൻ ജർമനിയിലേക്ക് പോയത്. അന്ന് കൊച്ചിയിൽനിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് നേരിട്ട് വിമാനമില്ല. മുംബൈയിൽ ചെന്നിട്ടാണ് പോയത്. എന്റെ ഭർത്താവും ആദ്യസമയത്ത് വീട്ടുകാര്യങ്ങളിൽ സഹായിച്ചു നിൽക്കുകയായിരുന്നു’’- കൊല്ലം ചവറ തെക്കുംഭാഗം തുപ്പാശേരി ഇറക്കം വീട്ടിൽ താമസിക്കുന്ന െഫ്രഡറീന എഡ്വേർഡ് പറയുന്നു.

ഗൾഫ് ബൂമും മലയാളി നഴ്സിങ്ങും

70-മുതൽ ഗൾഫ് രാജ്യങ്ങളിൽ ഉണ്ടായ വികസനമുന്നേറ്റത്തിലും മലയാളി നഴ്സുമാർ പ്രധാന പങ്കുവഹിച്ചു. യു.എ.ഇ., സൗദി അറേബ്യ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യമേഖലയുടെ നട്ടെല്ലായി. കോട്ടയത്തുനിന്ന് തുടങ്ങിയ ഈ തരംഗം വൈകാതെ കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും പടരുകയും ആയിരക്കണക്കിന് പെൺകുട്ടികളും ആൺകുട്ടികളും നഴ്സിങ് കോഴ്സുകളിലേക്ക് ആകർഷിക്കപ്പെടുകയുംചെയ്തു.

നിലവിൽ ബ്രിട്ടൻ, അയർലൻഡ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലെല്ലാം മലയാളി നഴ്സുമാർക്ക് മുൻഗണന ലഭിക്കുന്നുണ്ട്. രോഗികളോടുള്ള കരുണയും പ്രതിസന്ധികളിൽ തളരാത്ത മനോവീര്യവും കാരണം പല വിദേശരാജ്യങ്ങളും മലയാളി നഴ്സുമാരെ പ്രത്യേകമായി ക്ഷണിച്ചുവരുത്തുന്ന സ്ഥിതിയുണ്ട്.

Content Highlights: Explore the history of Kerala nurses in Germany, tracing their journey from Kottayam and their impact on local and global healthcare.