സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമം; പരിശോധനയ്ക്ക് വനിതാ ഡോക്ടർ പോരാ, ഗൈനക്കോളജിസ്റ്റ് നിർബന്ധം

കോഴിക്കോട്: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളെ പരിശോധിക്കുന്നതിന് വനിതാ ഡോക്ടർ പോരെന്നും വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം നിർബന്ധമാണെന്നും സർക്കാർ. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്‌ധസമിതിയുടെ നിർദേശവും ഗൈനക്കോളജിസ്റ്റുകളുടെ അപേക്ഷയും സർക്കാർ തള്ളി. വനിതാ ഡോക്ടറുടെ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ കൺസൾട്ടേഷൻ മതിയെന്നായിരുന്നു സമിതി ശുപാർശ.
ഗൈനക്കോളജിസ്റ്റുകളുടെ സേവനം നിർബന്ധമാക്കിയുള്ള സർക്കാർ നിർദേശത്തിനെതിരേ നേരത്തേ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. ലൈംഗികാതിക്രമത്തിനിരയായവരെ രജിസ്റ്റർചെയ്ത മെഡിക്കൽ പ്രാക്ടീഷണർ പരിശോധിച്ചാൽ മതിയെന്നാണ് ക്രിമിനൽ നടപടിച്ചട്ടമെന്നായിരുന്നു വാദം. സർക്കാർ നിർദേശം ഗൈനക്കോളജിസ്റ്റുകൾക്ക് അനാവശ്യമായ ജോലിഭാരം ഉണ്ടാക്കുന്നെന്നും ദേശീയ-അന്തർദേശീയ മാർഗനിർദേശങ്ങൾക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി നിർദേശപ്രകാരം വിദഗ്ധസമിതി രൂപീകരിച്ചു.
വിദഗ്ധസമിതി ശുപാർശ
എല്ലാ ഡ്യൂട്ടി ഷിഫ്റ്റുകളിലും ഒരു വനിതാ മെഡിക്കൽ ഓഫീസറെ നിയോഗിക്കണം. ഡ്യൂട്ടിയിലുള്ളത് പുരുഷ ഓഫീസറാണെങ്കിൽ, മെഡിക്കൽ സൂപ്രണ്ട് സമയപരിധിക്കുള്ളിൽ വനിതാ ഡോക്ടറെ പരിശോധനയ്ക്കായി ഏർപ്പെടുത്തണം.
എല്ലാ വനിതാ ഡോക്ടർമാർക്കും ലൈംഗികാതിക്രമക്കേസുകളുടെ മെഡിക്കോ-ലീഗൽ പരിശോധന, ഫൊറൻസിക് തെളിവുശേഖരണം അടക്കമുള്ള കാര്യങ്ങളിൽ നിർബന്ധിത പരിശീലനം നൽകണം. വനിതാ മെഡിക്കൽ ഓഫീസർ പരിശോധിച്ചാൽ, പിന്നീട് ഗൈനക്കോളജിസ്റ്റിന്റെ കൺസൾട്ടേഷൻ പരിഗണിക്കാം.
സർക്കാർ തീരുമാനം
ഫൊറൻസിക് തെളിവ് ശരിയായി ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നത് നീതി ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുന്നത് മെഡിക്കോ-ലീഗൽ തെളിവുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും നീതി നിഷേധിക്കപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
Content Highlights: Government rejects expert committee proposal for general female doctor examinations., Female gynecologist presence made mandatory for sexual assault victims., Focus on forensic evidence accuracy and legal justice