വേണം, പ്രായമായവരുടെ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം, പ്രതീക്ഷ പുതിയ വയോജനക്ഷേമ വകുപ്പിൽ

#ആഷിക് കൃഷ്ണൻ
വയോജന ചികിത്സാവിഭാഗത്തിന്റെ എ.ഐ. ചിത്രം
വയോജന ചികിത്സാവിഭാഗത്തിന്റെ എ.ഐ. ചിത്രം

കോഴിക്കോട്: മലയാളിയുടെ ആയുസ്സു കൂടുകയും വാർധക്യകാല രോഗങ്ങൾ വർധിക്കുകയുംചെയ്യുമ്പോൾ, ജെറിയാട്രിക്ക് ചികിത്സാവിഭാഗം സർക്കാർ മെഡിക്കൽകോളേജുകളിൽ അനിവാര്യമാവുന്നു. സർക്കാർ മേഖലയിൽ മെഡിക്കൽകോളേജ് പ്രവർത്തനമാരംഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോഴും മുതിർന്നവരുടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന ഈ വകുപ്പിന്റെ സാധ്യത സർക്കാർ ആലോചിക്കുന്നതേ ഉള്ളൂ. ഇന്ത്യയിലാദ്യമായി കേരളത്തിൽ പുതിയ സർക്കാർ പ്രഖ്യാപിച്ച വയോജനക്ഷേമ വകുപ്പിന്റെ ഇടപെടലിൽ ജെറിയാട്രിക്ക് മെഡിസിൻ വിഭാഗം സാക്ഷാത്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സ്വകാര്യ മെഡിക്കൽകോളേജുകളിൽ 20 വർഷത്തോളമായി ജെറിയാട്രിക്ക് മെഡിസിൻ വിഭാഗമുണ്ട്. ചിലയിടങ്ങളിൽ കോഴ്സുകളും ഉണ്ട്. എന്നാൽ, സംസ്ഥാനത്ത് എവിടെയും ജെറിയാട്രിക്ക് മെഡിസിനിൽ പി.ജി. കോഴ്സോ, ഡി.എം. കോഴ്സോ ഇല്ല. കിലയും ഐ.എച്ച്.ആർ.ഡി.യും ഉൾപ്പെടെ പല സ്ഥാപനങ്ങളും ജെറിയാട്രിക്ക് ഡിേപ്ളാമ കോഴ്സുകൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ചികിത്സയല്ല. മുതിർന്ന പൗരൻമാരെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനമാണ് അതിലൂടെ നൽകുന്നത്.

ജെറിയാട്രിക്ക് ചികിത്സാവിഭാഗം വന്നാൽ

പ്രായമായവർക്ക് സാധാരണ ജനറൽ മെഡിസിൻ ചികിത്സയേക്കാൾ ഉപരിയായി പ്രത്യേക പരിചരണം ആവശ്യമാണ്. വിട്ടുമാറാത്ത രോഗങ്ങളുടെ കൃത്യമായ മാനേജ്‌മെന്റ്, അൽസ്ഹൈമേഴ്സ്-ഡിമെൻഷ്യ തുടങ്ങിയ രോഗബാധിതർക്ക് പ്രത്യേക പരിചരണവും കൗൺസലിങ്ങും, വീഴ്ചകളും അതുവഴിയുണ്ടാകുന്ന ഒടിവുകളും തടയൽ, ശസ്ത്രക്രിയകൾക്കു ശേഷമുള്ള ദീർഘകാല പുനരധിവാസവും വിശ്രമവും അസ്ഥിക്ഷയംപോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രത്യേക ചികിത്സയും വയോജനങ്ങളിലെ വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക ബുദ്ധിമുട്ടുകൾക്കുള്ള പരിചരണവും ഈ വിഭാഗത്തിന്റെ കീഴിൽ വരും.

പ്രായമായവർ ഒരേസമയം ഒന്നിലധികം രോഗങ്ങൾക്ക് നിരവധി മരുന്നുകൾ കഴിക്കേണ്ടിവരും. ഈ മരുന്നുകൾ പരസ്പരം പ്രതിപ്രവർത്തിച്ച് പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കാൻ മരുന്നുകളുടെ അളവും എണ്ണവും ക്രമീകരിക്കുന്ന പോളി ഫാർമസി കൗൺസലിങ്ങും അത്യാവശ്യമാണ്.

Content Highlights: With the average lifespan of Keralites steadily climbing, there is a massive surge in age-related illnesses. Healthcare experts are calling for the immediate establishment of dedicated Geriatric Medicine departments across all government medical colleges in the state.