ഇടവിട്ടുള്ള മഴ, വിട്ടൊഴിയാതെ ഡെങ്കിപ്പനി; സംസ്ഥാനത്ത് ഒക്ടോബറിൽ മാത്രം 1504 പേർക്ക്, കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടി

കോഴിക്കോട്: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഡെങ്കിപ്പനിയിലും പ്രതിഫലിക്കുന്നു. സാധാരണ ഓഗസ്റ്റൊക്കെയാകുമ്പോൾ കുറഞ്ഞുതുടങ്ങുന്ന ഡെങ്കിപ്പനി ഇത്തവണ ഇടവിട്ടുള്ള മഴയിൽ കൂടുകയാണ്. സംസ്ഥാനത്ത് ഒക്ടോബറിൽമാത്രം 1504 പേർക്ക് ഡെങ്കി ബാധിച്ചു. ഒരാൾ മരിച്ചു. 3767 പേർക്കാണ് ഡെങ്കി സംശയിക്കുന്നത്. അത്തരത്തിൽ അഞ്ചുപേരും മരിച്ചു.
കഴിഞ്ഞവർഷം ഒക്ടോബറിലുള്ളതിനെക്കാൾ ഇരട്ടിയിലേറെയാണ് ഇത്തവണ സ്ഥിരീകരിച്ചത്. ഡെങ്കി സംശയിക്കുന്നവരും അതുപോലെത്തന്നെയാണ്. 2025 ഒക്ടോബറിൽമാത്രം 655 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്നർ 1523 ആണ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെല്ലാം കഴിഞ്ഞദിവസം ശരാശരി 15-20 പേരെങ്കിലും ഡെങ്കി സംശയിച്ച് ചികിത്സതേടി. അതുപോലെ ദിവസം ചിലയിടത്ത് 12-14 പേർക്കൊക്കെ സ്ഥിരീകരിച്ചിട്ടുമുണ്ട്.
സെപ്റ്റംബറിൽ 1622 പേർക്ക് സ്ഥിരീകരിച്ചപ്പോൾ 4278 പേർക്ക് രോഗം സംശയിക്കുന്നുണ്ട്. ഈ വർഷം ആകെ 13,108 പേർക്കാണ് ഡെങ്കി പിടിപെട്ടത്. 35,192 പേർക്ക് രോഗം സംശയിക്കുന്നു. രോഗം സ്ഥിരീകരിച്ച 44 പേരും സംശയിക്കുന്ന 35 പേരും മരിച്ചു.
കാലാവസ്ഥയിലെ മാറ്റം
സാധരണ കാലവർഷം കഴിഞ്ഞാൽ ഇടവിട്ടുള്ള മഴ ഉണ്ടാകാറില്ല. എന്നാൽ, ഇത്തവണ ഇടയ്ക്കിടെ ഇടവിട്ടുള്ള മഴ തുടർന്നു. അതിനാൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുവളരുന്നതും കൂടി. ശക്തമായ മഴപെയ്താൽ ലാർവ നശിച്ചുപോകും. എന്നാൽ, ചെറിയ മഴപെയ്യുമ്പോൾ കൊതുകുവളരും. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാനം.
’’ഓണക്കാലമൊക്കെ കഴിയുന്നതോടെ സാധാരണമഴ മാറും. ഡെങ്കിയും കുറയും. ഇത്തവണ അത്തരം ചുറ്റുപാടല്ല. ഡെങ്കി കൊതുകുകൾ രാവിലെയും വൈകീട്ടുമാണ് കൂടുതലുണ്ടാവുക. കൊതുകിനെ ഒഴിവാക്കാനും കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണം’’- കോഴിക്കോട് ഡി.എം.ഒ. ഡോ. എൽ.ടി. സരിതകുമാരി പറഞ്ഞു.
ഡെങ്കി കണക്ക് ഇങ്ങനെ
2025-ൽ
- ഡെങ്കി സ്ഥിരീകരിച്ചത് - 10,909
- മരണം -72
- സംശയിക്കുന്നത് -29,060
- മരണം -6
- 2026 ഒക്ടോബർ 30 വരെ
- ഡെങ്കി സ്ഥിരീകരിച്ചത് -13,108
- മരണം -44
- സംശയിക്കുന്നത് -35,192
- മരണം -35
Content Highlights: Kerala faces a rise in dengue fever cases due to unusual weather patterns.