ചെറുപ്പക്കാരെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്ന കരോഷി സിൻഡ്രോം; ഹൃദയത്തെ കാക്കാം

#ഡോ. ജോർജ് തയ്യിൽ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊച്ചി: പരമ്പരാഗതമായ ആപത്ഘടകങ്ങൾക്ക് ഉപരിയായി ഹൃദയസ്തംഭനംപോലും ഉണ്ടാക്കാൻ പ്രാപ്തമായ വില്ലൻമാർ രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് ഈ അടുത്തുനടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. എറണാകുളം സ്വദേശിയായ 26 വയസ്സുമാത്രം പ്രായമുള്ള അന്ന സെബാസ്റ്റ്യന്റെ മരണം അമിത ജോലിഭാരം എങ്ങനെ ജീവനെടുക്കുന്നു എന്ന ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.

ദിവസവും 18 ണിക്കൂറിലധികമുള്ള ജോലിമൂലം കഠിനമായ ദേഹാസ്വാസ്ഥ്യംമൂലം താമസസ്ഥലത്ത് കുഴഞ്ഞു വീണായിരുന്നു അന്നയുടെ മരണം. അന്ന സെബാസ്റ്റ്യൻ എപ്രകാരം മരിച്ചു എന്നതിനെ പറ്റി പല ശാസ്ത്രീയചർച്ചകളും നടന്നു. അങ്ങനെയാണ് കരോഷി സിൻഡ്രോമിന്റെ വസ്തുതകളിലേക്കും ചർച്ചകളെത്തിയത്.

'അമിതാധ്വാനത്തിലൂടെ മരണം' എന്നർഥംവരുന്ന കരോഷി സിൻഡ്രോം എന്ന പ്രതിഭാസം അധ്വാനശീലരായ യുവതലമുറയ്ക്കിടയിലാണ് കൂടുതലായി കാണുന്നത്. ജപ്പാനിൽ ആഴ്ചയിൽ 40 മണിക്കൂർ സാധാരണ ജോലിക്കു പകരം 55 മണിക്കൂറിൽ കുടുതൽ കഠിനാധ്വാനം ചെയ്തവരിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഹാർട്ട് അറ്റാക്കുണ്ടാകാനുള്ള സാധ്യത 13 ശതമാനവും സ്ട്രോക്കുണ്ടാകാനുള്ള സാധ്യത 33 ശതമാനവും കൂടുതലായി കണ്ടു.

ഉറക്കക്കുറവ് അനുഭവിക്കുന്നവരിൽ താളംതെറ്റിയ ഹൃദയമിടിപ്പും കണ്ടു. ഈ അവസ്ഥയുണ്ടാകുന്നവരിൽ ഹൃദയസ്തംഭനവും മരണവും ഉണ്ടാകുന്നത് ഉടനടിയാണ്. കരോഷി സിൻഡ്രോം കലശലാകുമ്പോൾ ആത്മഹത്യാ പ്രവണതയും അധികരിക്കുന്നു. ഹൃദയധമനി രോഗങ്ങളിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങളുടെമുൻപന്തിയിൽ ഇന്ന് സ്‌ട്രെസ് സ്ഥാനമുറപ്പിച്ചിരിക്കുന്നു. സ്‌ട്രെസ് നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഹൃദ്രോഗസാധ്യത ഏറെയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ.

കാരണം ഇന്ന് ഹൃദയാഘാതം ഉണ്ടാകുന്ന ചെറുപ്പക്കാരിൽ പറയത്തക്ക മുൻ രോഗലക്ഷണങ്ങളൊന്നും തന്നെയില്ല. ഇ.സി.ജി.യിൽ വ്യതിയാനങ്ങളില്ല, 40-50 ശതമാനം പേർക്ക് കൊളസ്‌ട്രോൾ വർധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ചെറുപ്പക്കാരുടെ ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനാണ് ഹൃദയാരോഗ്യ ദിനത്തിൽ ഊന്നൽ നൽകേണ്ടത്.

എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്‌ധനാണ് ലേഖകൻ.

Content Highlights: karoshi syndrome, death by overwork, world heart day