ബോട്ടോക്സ് ചികിത്സയ്ക്ക് എതിരാണ്; ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുന്നത് പ്രധാനം- കരീന കപൂർ

അന്തരിച്ച നടി ഷെഫാലി ജരിവാല പ്രായം തോന്നിക്കുന്നത് തടയാനുള്ള ആന്റി-എയ്ജിങ് ചികിത്സ നടത്തിയിരുന്നുവെന്ന പ്രചരണങ്ങൾക്കിടയിൽ വിഷയത്തിൽ പ്രതികരണവുമായി നടി കരീന കപൂർ. താൻ ബോട്ടോക്സ് ചികിത്സയ്ക്ക് എതിരാണെന്ന് നടി വ്യക്തമാക്കി. ഇതിനെല്ലാം അപ്പുറം സ്വയം സംരക്ഷണത്തിനാണ് താൻ ഊന്നൽ നൽകുന്നതെന്നും ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു.
ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. സ്വയം സംരക്ഷിക്കുക എന്നതുകൊണ്ട് തന്റെ കഴിവിനെ സംരക്ഷിക്കുക എന്നുകൂടെയാണ് അർഥം. അവധിയെടുത്ത് സുഹൃത്തുക്കൾക്കും കുടംബത്തിനും ഒപ്പം സമയം ചെലവഴിക്കുക. സൂചി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകളേക്കാൾ മികച്ചതാണ് ഇതെന്നും കരീന കൂട്ടിച്ചേർത്തു.
അതേസമയം, വെളളിയാഴ്ച രാത്രി അന്ധേരിയിലെ വസതിയിലാണ് ഷെഫാലിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍വെച്ചാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിനുപിന്നാലെ ഫൊറന്‍സിക് വിദഗ്ധരും പോലീസിനൊപ്പം അവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. നടിയുടെ കുടുംബം അവരുടെ മരണത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2002-ല്‍ കാന്‍ട്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സല്‍മാന്‍ ഖാന്‍ ചിത്രമായ 'മുജ്സെ ഷാദി കരോഗി'യില്‍ അഭിനയിച്ചു. കൂടാതെ 2019-ല്‍ ബേബി കം ന എന്ന വെബ്‌സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്തമായ ഡാന്‍സ് റിയാലിറ്റി ഷോകളിലും അവര്‍ പങ്കെടുത്തു. നടന്‍ പരാഗ് ത്യാഗിയാണ് ഷെഫാലിയുടെ ഭര്‍ത്താവ്.
Content Highlights: Kareena Kapoor's Anti-Aging Stance Amidst Shefali Jariwala's Passing