സാംക്രമികരോഗപ്പട്ടികയുടെ വലുപ്പമേറുന്നു :10 വര്‍ഷത്തിനിടെ 16 പുതിയ രോഗങ്ങള്‍

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ സാംക്രമികരോഗപ്പട്ടികയുടെ വലുപ്പം കൂടുന്നു. ഓരോവര്‍ഷവും പുതിയ രോഗങ്ങളെത്തുന്നതാണു കാരണം. 2011-ല്‍ 13 രോഗങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 29 ആയി.
പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയാണ് പട്ടികയില്‍ സ്ഥിരമായുള്ളത്. ഇവ എല്ലാ വര്‍ഷവും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. കോവിഡ് ബാധിതരുടെ കണക്ക് അടുത്തകാലത്ത് നീക്കിയിരുന്നു. രോഗതീവ്രത കുറഞ്ഞതോടെയായിരുന്നു ഇത്.
ഹെപ്പറ്റൈറ്റിസിന്റെ (മഞ്ഞപ്പിത്തം) നാലിനവും പട്ടികയിലുണ്ട്. ആദ്യകാലത്ത് ഹെപ്പറ്റൈറ്റിസ്-എ, ബി എന്നിവ മാത്രമായിരുന്നു. സി-യും ഇ-യും റിപ്പോര്‍ട്ടുചെയ്തതോടെ അവയും പട്ടികയിലുള്‍പ്പെട്ടു. സാംക്രമിക രോഗമല്ലാതിരുന്ന ഭക്ഷ്യവിഷബാധയും പട്ടികയിലുള്‍പ്പെടുത്തി.
സാംക്രമികരോഗത്തിന്റെ കണക്ക് ദിവസവും ആശുപത്രികള്‍ വഴി ആരോഗ്യവകുപ്പു ശേഖരിക്കുന്നുണ്ട്. അവ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം.
2011-വരെ പട്ടികയിലുണ്ടായിരുന്ന രോഗങ്ങള്‍
ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ, മസ്തിിഷ്‌കജ്വരം ,ജപ്പാന്‍ ജ്വരം, എലിപ്പനി , ഹെപ്പറ്റൈറ്റിസ് -എ,ബി, കോളറ,ടൈഫോയിഡ്, വയറിളക്കരോഗങ്ങള്‍, എച്ച് 1, എന്‍ ,പകര്‍ച്ചപ്പനി.
2011-നു ശേഷം ചേര്‍ക്കപ്പെട്ടവ
ഹെപ്പറ്റൈറ്റിസ് -സി, ഇ, ഡിഫ്തീരിയ, ഭക്ഷ്യവിഷബാധ, ഷിഗെല്ല, ചെള്ളുപനി, കരിമ്പനി, കൈസന്നൂര്‍ ഫോറസ്റ്റ് ഡിസീസ്, പേവിഷ ബാധ,സിക, വെസ്റ്റ്‌നൈല്‍, കുരങ്ങുപനി, ചിക്കന്‍പോക്‌സ്, നിപ, മുണ്ടിനീര്. അഞ്ചാംപനി
Content Highlights: infectious disease list has expanded from 13 to 29.