ജനറിക് മരുന്നുകളുടെ ഗുണത്തിൽ ആശങ്ക;വിലയിടിക്കാൻ ശ്രമമെന്ന് ആക്ഷേപം, പിന്നിൽ ബഹുരാഷ്ട്ര കുത്തകകള്‍?

തൃശ്ശൂർ: കുത്തകാവകാശ കാലാവധി അവസാനിച്ചതോടെ നിസ്സാരവിലയിൽ നിർമിക്കുന്ന ഇന്ത്യൻ ജനറിക് മരുന്നുകളുടെ ഗുണത്തിൽ ആശങ്കയർത്തുന്ന പഠനം പുറത്ത്. എന്നാൽ, ലോകത്തിന്റെ ഫാർമസിയായ ഇന്ത്യൻ ഔഷധനിർമാണമേഖലയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ ശ്രമമാണിതെന്ന് ജനകീയാരോഗ്യപ്രവർത്തകർ ആരോപിക്കുന്നു.
കീമോതെറാപ്പി മരുന്നുകളുടെ നിലവാരമില്ലായ്മയെപ്പറ്റിയുള്ള വാർത്തയാണ് ഒടുവിൽ കേട്ടത്. ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്ത മരുന്നുകളുടെ പരിശോധിച്ച 189 സാമ്പിളുകളിൽ അഞ്ചിലൊന്നിനും ഗുണമില്ലെന്നായിരുന്നു പഠനത്തിലെ കണ്ടെത്തൽ. ഇന്ത്യയിലെ ചില മരുന്നുകളെ സംബന്ധിച്ചും മുൻപ് വലിയ ആക്ഷേപമുയർന്നിരുന്നു.
എന്നാൽ, ജനറിക് മേഖലയിലെ ഇന്ത്യയുടെ സംഭാവന മറക്കരുതെന്ന വാദമാണ് ജനകീയാരോഗ്യ പ്രവർത്തകർ ഉന്നയിക്കുന്നത്. എയ്ഡ്‌സ് പോലെയുള്ള മഹാമാരികളെ പിടിച്ചുകെട്ടാൻ ഏറെ സഹായകമായതാണ് ഇന്ത്യൻ മരുന്നുകളെന്നാണ് വാദം. കുത്തകാവകാശം ഒഴിവായതിനാൽ പത്തുമടങ്ങുവരെ വിലകുറച്ചാണ് ഇവയൊക്കെ വിപണിയിലെത്തിയിരുന്നത്.
പുതിയ നിയമനിർമാണങ്ങളിലൂടെ ഇന്ത്യൻ കുത്തക തകർക്കാൻ ശ്രമംനടക്കുന്നുവെന്ന് ആരോപണവുമുണ്ട്. പേറ്റന്റിന് അപേക്ഷിക്കുന്ന മരുന്നുകളുടെ സമസ്തവിവരങ്ങളും പേറ്റന്റ് കമ്മിഷണർക്ക് നൽകണമെന്നതാണ് ചട്ടം. ഇതിൽ മനുഷ്യരിലെ പരീക്ഷണവിവരം ഒഴിവാക്കാനാണ് നീക്കം. ഇങ്ങനെ ഈ പരീക്ഷണം ഇവിടെയും നടത്തേണ്ടിവരും. ഇതിന് വലിയ ചെലവും സമയവും വേണം.
പേറ്റന്റ് തീരുന്ന മരുന്നുകൾ ചെറിയ മാറ്റംവരുത്തി പുതിയതെന്ന വിധത്തിൽ അവതരിപ്പിക്കാനും നീക്കമുണ്ട്. മികച്ച നിലവാരമുള്ള ഇന്ത്യൻ കമ്പനികൾ ഏറ്റെടുത്ത് നിയന്ത്രണത്തിലാക്കാനുള്ള ശ്രമവും ബഹുരാഷ്ട്രക്കുത്തകകൾ നടത്തുന്നതായി പറയുന്നു.
തകർക്കാൻ ശ്രമം
സമ്പത്തുകുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നമ്മുടെ ജനറിക് മരുന്നുകളുടെ സംഭാവന നിസ്തുലമാണ്. അത് തകർക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കരുത്.
ഡോ. ബി. ഇക്ബാൽ, ജനകീയാരോഗ്യ പ്രവർത്തകൻ
സത്യാവസ്ഥ പുറത്തുവരണം
അർബുദചികിത്സയിൽ മാത്രമല്ല, എല്ലാരംഗത്തും മരുന്നുകളുടെ നിലവാരം പ്രധാനമാണ്. നിലവാരമില്ലാത്ത മരുന്നുകളും നമ്മുടെ വിപണിയിലെത്തുന്നുണ്ട്. ഇതുസംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
ഡോ. അജു മാത്യു
അർബുദചികിത്സകൻ, എറണാകുളം
കുഴപ്പം നാമമാത്രം
മുൻനിര കമ്പനികളുടെ മരുന്നുകളിൽ വലിയ പ്രശ്നങ്ങളുണ്ടാകാറില്ല. വർഷത്തിൽ പരമാവധി ഒന്നോ രണ്ടോ എണ്ണത്തിനാണ് ചെറിയ പോരായ്മ വരിക. വിദേശമരുന്നുകളോട് കിടപിടിക്കാവുന്ന ഫലപ്രാപ്തിയാണ് ഇന്ത്യൻ മരുന്നുകൾക്ക്.
ഡോ. സുനു സിറിയക്ക്
ഓങ്കോളജിസ്റ്റ്, അമല കാൻസർ സെന്റർ, തൃശ്ശൂർ
കാൻസർ മരുന്നിന്റെ ഗുണനിലവാരം ആരും ബോധ്യപ്പെടുത്തുന്നില്ല
കാൻസർ മരുന്നിനു ഗുണനിലവാരമില്ലെന്ന വാർത്തകൾ ഡോക്ടർമാരെയും രോഗികളെയും ഒരുപോലെ ആശങ്കയിലാക്കുന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ഇക്കാര്യം ശ്രദ്ധിക്കപ്പെടാതെപോകുന്ന കാര്യമാണ്. എല്ലാ മരുന്നുകളും മോശമാകണമെന്നില്ല. എന്നാൽ കാൻസർ മരുന്നുകളിൽ പലതും എവിടെ നിർമിക്കുന്നുവെന്നുപോലും കണ്ടെത്തുക പ്രയാസമാണ്. അവയുടെ ഗുണനിലവാരം എവിടെ പരിശോധിക്കപ്പെടുന്നുവെന്നും ആരും ബോധ്യപ്പെടുത്തുന്നില്ല. മരുന്നുകളുടെ ഗുണനിലവാരപരിശോധന ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുമല്ല.
ചില മരുന്നുകൾ നൽകുമ്പോൾ അവയ്ക്കു പാർശ്വഫലങ്ങൾ കൂടുതലാണെന്നും ചില മരുന്നുകൾ മാറ്റിനൽകുമ്പോൾ അവയ്ക്കു ഗുണഫലം കുറവാണെന്നും രോഗികൾ പരാതിപ്പെടാറുണ്ട്. ഡോക്ടർമാർ എന്നനിലയിൽ ഇടപെടുന്നതിനു പരിമിതികളുണ്ട്. കാൻസർ മരുന്നുകളുടെ വില കുറയ്ക്കണമെന്നത് എല്ലാ കോണുകളിൽനിന്നുമുള്ള നിരന്തരാവശ്യമാണ്. വില കുറയ്ക്കുമ്പോൾ അതു ഗുണനിലവാരത്തെയാകും ബാധിക്കുക. അതു ശ്രദ്ധിക്കപ്പെടാതെപോകുന്നു. ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കർശനമായ നിയമനടപടികൾ അനിവാര്യമാണ്.
-ഡോ. ബോബൻ തോമസ്
Content Highlights: Concerns rise over the quality of Indian generic drugs following a study