24ലക്ഷം ജനസംഖ്യയുള്ള രാജ്യത്തേക്ക് 12കോടി ഗുളിക!, ലഹരിവേട്ടയിൽ പിടിച്ചെടുത്തത് ‘ഫൈറ്റർ ഡ്രഗ്’

#രാജേഷ് ജോർജ്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

കൊച്ചി: 25 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള അറ്റ്‌ലാന്റിക് തീരത്തുള്ള ഒരു ചെറിയ പശ്ചിമാഫ്രിക്കൻ രാജ്യമാണ് ഗിനി-ബിസാവു. ഇവിടേക്ക് കയറ്റുമതിക്കായി ഒരുക്കിയത് 12 കോടി ലഹരി ഗുളികകളായിരുന്നു. ചെറിയ ജനസംഖ്യയുള്ള രാജ്യത്തേക്ക് ഇത്രയും ഫാർമസ്യൂട്ടിക്കൽ ഗുളികകൾ എന്തിനെന്ന സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സി.ബി.എൻ.) അധികൃതരുടെ സംശയത്തിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടകളിലൊന്നിലേക്ക് എത്തിച്ചേർന്നത്.

250 മില്ലിഗ്രാമിന്റെ ട്രാമാഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളായിരുന്നു കയറ്റുമതിക്കായി തയ്യാറാക്കിയത്. അസാധാരണമായ ഈ അളവിനെത്തുടർന്ന് സംശയം തോന്നിയ അധികൃതർ അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ ബോർഡിൽ നിന്നും ഗിനി-ബിസാവുവിലെ അധികൃതരിൽ നിന്നും വിവരം തേടി. ഇതോടെയാണ് ലക്ഷ്യസ്ഥാനം ലിബിയ ആണെന്ന് വ്യക്തമായത്. സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്‌സ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ സഹായത്തോടെ 10 ദിവസമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്.

അന്താരാഷ്ട്ര വിപണിയിൽ 1,000 കോടിയിലധികം രൂപ വിലമതിക്കുന്ന മരുന്നു ശേഖരമാണ് പിടികൂടിയത്. അന്വേഷണത്തിൽ ഗുളികകൾ ഗിനി-ബിസാവുവിന് പകരം ലിബിയയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് വ്യക്തമായി. സംഘർഷ മേഖലയിൽ വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഏജൻസികൾ കരുതുന്നു.

സംഭവത്തിൽ അറസ്റ്റിലായ മൂന്നുപേരിൽ രണ്ടുപേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്‌സ് (സി.ബി.എൻ.) പിടികൂടിയത്. ഇവർ ഇടനിലക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബെംഗളൂരുവിൽ നിന്നും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മൂവരേയും ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

ട്രാമാഡോൾ എന്ന ഫൈറ്റർ ഡ്രഗ്

വേദന സംഹാരിയായ ട്രാമാഡോളിന്റെ ദുരുപയോഗം ആസക്തി, അമിത അളവ്, ശ്വസന പ്രശ്‌നങ്ങൾ, എന്നിവയ്ക്ക് കാരണമാകും. ഈ സാഹചര്യത്തിൽ 2018 ഏപ്രിൽ 26-നാണ് ഇന്ത്യ ഈ മരുന്നിനെ എൻ.ഡി.പി.എസ്. ആക്ടിന്റെ പരിധിയിലാക്കിയത്. ഇതോടെ ട്രാമാഡോളിനെ സൈക്കോട്രോപിക് പദാർഥമായി തരംതിരിക്കുകയും അതിന്റെ നിർമാണം, വിതരണം, കയറ്റുമതി എന്നിവ കർശന നിരീക്ഷണത്തിന് കീഴിലാക്കുകയും ചെയ്തു. ഇത്തരം മരുന്നുകളുടെ കയറ്റുമതിക്ക് സെൻട്രൽ നർകോട്ടിക് കമ്മിഷണറുടെയും സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സിന്റെയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെയും അനുമതി വേണം. വർഷങ്ങൾക്കു മുൻപ് വിവിധ രാജ്യങ്ങളിൽ യുദ്ധ സമയത്തും മറ്റും വേദനയും ക്ഷീണവും അതിജീവിക്കാൻ സേനാംഗങ്ങൾക്ക് ട്രാമാഡോൾ നൽകിയിരുന്നതായുള്ള കേസുകളിൽ നിന്നാണ് ‘ഫൈറ്റർ ഡ്രഗ് ’ എന്ന പേരുവന്നത്.

Content Highlights: Seizure of 120 million Tramadol pills valued at over ₹1000 crore., The shipment was falsely labeled for Guinea-Bissau but intended for Libya., Involvement of a Bengaluru-based company and three key suspects., Tramadol is classified under the NDPS Act since 2018 due to its potential for abuse