പ്‌ളാറ്റിനം ക്ഷാമം രൂക്ഷം; അർബുദ ചികിത്സയ്ക്ക് ആവശ്യമായ മൂന്ന് മരുന്നുകൾ രാജ്യത്ത് കിട്ടാതാകുന്നു

#ആഷിക് കൃഷ്ണന്‍
സിസ്പ്‌ളാറ്റിന്‍ | Photo: X
സിസ്പ്‌ളാറ്റിന്‍ | Photo: X

കോഴിക്കോട്: അർബുദചികിത്സയുടെ സുപ്രധാനഘട്ടമായ കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മൂന്ന് മരുന്നുകൾക്കുള്ള ക്ഷാമം കടുക്കുന്നു. ഈ മരുന്നുകളുടെ പ്രധാന അസംസ്‌കൃതവസ്തുവായ പ്‌ളാറ്റിനം എന്ന അമൂല്യലോഹത്തിന്റെ ലഭ്യതക്കുറവാണ് മരുന്നിന്റെ ക്ഷാമത്തിലേക്ക് നയിക്കുന്നത്.

ഇന്ത്യയിൽ അർബുദചികിത്സയ്ക്ക് (കീമോതെറാപ്പി) വ്യാപകമായി ഉപയോഗിക്കുന്നതും വിലകുറഞ്ഞതുമായ സിസ്പ്‌ളാറ്റിൻ, കാർബോപ്ലാറ്റിൻ, ഓക്‌സാലിപ്‌ളാറ്റിൻ എന്നീ മരുന്നുകളുടെ ലഭ്യതയാണ് ഇന്ത്യൻ വിപണിയിൽ പെട്ടെന്ന് കുറഞ്ഞത്.

ഈ മരുന്നുകളുടെ പ്രധാന അസംസ്‌കൃതവസ്തുവാണ് പ്ലാറ്റിനം. പ്ലാറ്റിനത്തിന്റെ ലോകത്തിലെ ഏറ്റവുംവലിയ േസ്രാതസ്സായ ദക്ഷിണാഫ്രിക്കയിൽ ഉത്പാദനത്തിലുണ്ടായ ഇടിവാണ് ആഗോളതലത്തിലുള്ള ക്ഷാമത്തിന് കാരണമായത്. ഇതിനുപുറമേ ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുഗതാഗതത്തിലുണ്ടായ പ്രതിസന്ധിയും മറ്റൊരുകാരണമായി. ചരക്കുഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയിലെത്തുന്ന പ്‌ളാറ്റിനത്തിന്റെ വില വളരെയേറെ ഉയർന്നു.

ഇന്ത്യയിൽ കാൻസർ മരുന്നുകൾ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ സർക്കാരിന്റെ വിലനിയന്ത്രണപരിധിയിലാണ്. അസംസ്‌കൃതവസ്തുക്കളുടെ വില വലിയതോതിൽ വർധിച്ചാലും നിയമപ്രകാരം കമ്പനികൾക്ക് മരുന്നുകളുടെ വില പെട്ടെന്ന് കൂട്ടാൻ കഴിയില്ല. ഇതുകാരണം നിർമാതാക്കൾ ഉത്പാദനം കുത്തനെ കുറച്ചു.

വായ, ശ്വാസകോശം, ഗർഭാശയമുഖം, അണ്ഡാശയം, സ്തനം തുടങ്ങിയവയെ ബാധിക്കുന്ന അർബുദരോഗത്തിന്റെ ചികിത്സയ്ക്ക് ഈ മരുന്നുകൾ അത്യന്താപേക്ഷിതമാണ്. ഇവയ്ക്കുപകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റുമരുന്നുകൾ കുറവാണ്. കേരളത്തിൽ ആർ.സി.സി.യിൽ നിലവിൽ ക്ഷാമമില്ലെന്ന് അവിടത്തെ പ്രധാന ചുമതല വഹിക്കുന്ന ഡോക്ടർ 'മാതൃഭൂമി'യോട് പറഞ്ഞു. നേരത്തേ ഉറപ്പിച്ച കരാർവ്യവസ്ഥയിൽ മരുന്നുവിതരണം നടക്കുന്നുണ്ട്. എന്നാൽ, ഗവ. മെഡിക്കൽ കോളേജുകളിലും അർബുദചികിത്സ നടക്കുന്ന മറ്റു കേന്ദ്രങ്ങളിലും ക്ഷാമമുണ്ട്.

സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കാൻസർമരുന്നിൽ സംസ്ഥാനത്ത് കടുത്തക്ഷാമമുണ്ടെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവൻരക്ഷാമരുന്നുകളുടെ പ്രധാന മൊത്തവിതരണക്കാരൻ വ്യക്തമാക്കി. മരുന്നുലഭ്യതക്കുറവുകാരണം പല രോഗികളുടെയും കീമോതെറാപ്പി ചികിത്സാഷെഡ്യൂളുകൾ തെറ്റുകയും ചികിത്സ വൈകുകയുംചെയ്യുന്ന ദുരവസ്ഥയുണ്ട്.

Content Highlights: Global platinum supply shortage impacting essential cancer drugs., Cisplatin, Carboplatin, and Oxaliplatin are currently in short supply., Production decline in South Africa and trade route disruptions (Hormuz Strait) are primary causes., Government price controls discourage manufacturers from increasing production costs., Chemotherapy schedules are being delayed in government medical colleges.