‘ആ പാട്ട് ജാനകിയമ്മ പാടിയതെങ്ങനെ എന്നൊന്ന് കേട്ടുനോക്കൂ’; രാജാസാർ എന്നോട് പറഞ്ഞു- കെ.എസ്. ചിത്ര

പാടിത്തുടങ്ങുന്ന കാലത്ത് ഇളയരാജാ സാർ നൽകിയ അമൂല്യമായ ഉപദേശം ഓർമ്മയുണ്ട്: പാടാനൊരുങ്ങുമ്പോൾ ഗാനത്തിന്റെ സന്ദർഭവും അന്തരീക്ഷവും മനസ്സിലേക്ക് ആവാഹിക്കണം. പിന്നെ അതിനിണങ്ങുന്ന ഭാവം പകർന്നുനൽകണം.
ഉദാഹരണമായി രാജാസാർ എടുത്തുപറഞ്ഞത് ‘മുതൽ മര്യാദ’യിൽ അദ്ദേഹത്തിന്റെതന്നെ ഈണത്തിൽ ജാനകിയമ്മ പാടിയ പാട്ടാണ്. ‘രാസാവേ ഉന്ന നമ്പി ഇന്ത റോസാപ്പൂ ഇരുക്കുതുങ്ക...’ ആ പാട്ട് പഠിപ്പിച്ചുകൊടുക്കുമ്പോൾ രാജാസാർ ജാനകിയമ്മയോട് ഇത്രയേ പറഞ്ഞുള്ളുവത്രേ: ‘സിനിമയിൽ നിഷ്‌കളങ്കയായ ഒരു നാട്ടിൻപുറത്തുകാരി പാടുന്ന പാട്ടാണ്. ശബ്ദവൈവിധ്യമോ സംഗതികളോ മറ്റു ടെക്നിക്കുകളോ ഒന്നും വേണ്ടാ. പാട്ടൊന്നും പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ ഗ്രാമീണയുവതി പാടുന്നപോലെ പാടുകയേ വേണ്ടൂ...’
‘ആ പാട്ട് ജാനകിയമ്മ പാടിയതെങ്ങനെ എന്നൊന്ന് കേട്ടുനോക്കൂ.’ രാജാസാർ എന്നോട് പറഞ്ഞു. അസാധാരണമായിരുന്നു ആ കേൾവി എനിക്ക് പകർന്നുനൽകിയ അനുഭവം. പിന്നീട് അതേ ഗാനരംഗം സിനിമയിൽ കണ്ടപ്പോൾ അമ്മയുടെ ശബ്ദം ആ കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളുമായി എത്ര ഇണങ്ങിച്ചേർന്നുനിൽക്കുന്നു എന്നോർത്ത് വിസ്മയിച്ചിട്ടുണ്ട്. അതാണ് ജാനകിയമ്മ.
ആദ്യമായി ജാനകിയമ്മയെ നേരിൽ കണ്ടത് ഒരു നവരാത്രിക്കാലത്ത്. ദാസേട്ടന്റെ മാനേജർ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനിച്ചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടിൽച്ചെന്നതായിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽതന്നെ സ്നേഹവാത്സല്യത്താൽ എന്നെ കീഴടക്കിക്കളഞ്ഞു അമ്മ. അന്ന് അമ്മ സമ്മാനിച്ച ഹാൻഡ് കർചീഫിന്റെ രൂപത്തിലുള്ള ഫോട്ടോ ആൽബവും യൂണിബാളിന്റെ വെള്ളനിറമുള്ള പേനയും ഇന്നും ഞാൻ പൊന്നുപോലെ സൂക്ഷിക്കുന്നു.
Content Highlights: Discover the invaluable musical advice Ilayaraja gave to KS Chithra and heartwarming personal memories of legendary singer S. Janaki. Read the full tribute here.