കട്ടൻ കാപ്പി ശീലമാക്കി, നാരുകളടങ്ങിയ ഭക്ഷണം കൂട്ടി; ഫാറ്റിലിവർ മാറ്റിയെടുത്തത് എങ്ങനെയെന്ന് ഡോക്ടർ

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫാറ്റിലിവർ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങൾ. ഇപ്പോഴിതാ ജീവിതശൈലിയിൽ വരുത്തിയ ചില മാറ്റങ്ങളിലൂടെ ഫാറ്റിലിവറിനെ എങ്ങനെ മാറ്റിയെടുത്തു എന്ന് വ്യക്തമാക്കുകയാണ് യു.കെ.യിൽ നിന്നുള്ള സർജനായ ഡോ. കരൺ രാജൻ. ആരോഗ്യകരമായ അറിവുകൾ നിരന്തരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന കരൺ ശാസ്ത്രീയമായ വഴികളിലൂടെ എങ്ങനെ ഫാറ്റിലിവറിനെ മാറ്റിയെടുത്തു എന്നാണ് വ്യക്തമാക്കുന്നത്.

മധുര പാനീയങ്ങൾ തന്റെ ഭക്ഷണക്രമത്തിൽ നിന്നും പാടെ ഉപേക്ഷിച്ചുവെന്നതാണ് അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത്. സോഡകളും മറ്റ് മധുര പാനീയങ്ങളുമൊക്കെ ഉപേക്ഷിച്ചു. ദ്രാവക രൂപത്തിലുള്ള മധുരത്തെ കരൾ നേരിട്ട് സംസ്കരിക്കുകയും അധികമുള്ള കലോറിയെ കൊഴുപ്പായി മാറ്റുകയും ചെയ്യുമെന്ന് ഡോ. കരൺ പറയുന്നു. ഖരരൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ സംതൃപ്തി ലഭിക്കുന്നതുപോലെ ദ്രാവക രൂപത്തിലുള്ളവ കഴിക്കുമ്പോൾ ലഭിക്കുകയുമില്ല. ഇത് കൂടുതൽ കഴിക്കാൻ ഇടവരുത്തും. മധുരമുള്ള പാനീയങ്ങൾക്ക് പകരം ശുദ്ധജലം, പഞ്ചസാരയില്ലാത്ത ചായ, ബ്ലാക്ക് കോഫി എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

ഫാറ്റിലിവർ പ്രതിരോധത്തിൽ പ്രധാനമാണ് വ്യായാമമെന്നും അദ്ദേഹം പറയുന്നു ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കണം. വ്യായാമം ചെയ്യുന്നതിലൂടെ കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനാവും. കൂടാതെ കരളിന്റെ ഇൻസുലിൻ സംവേദനക്ഷമതയും വർധിക്കും. വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തൽ, സൈക്ലിംഗ് എന്നിങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് കാർഡിയോ വർക്കൗട്ട് ചെയ്യണം. ഒപ്പം കരുത്ത് വർധിപ്പിക്കാനുള്ള വർക്കൗട്ടുകൾ കൂടി ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവറിനെ പ്രതിരോധിക്കുമെന്ന് ഡോ.കരൺ പറയുന്നു.

കരളിന്റെ ആരോഗ്യത്തിൽ നാരുകളടങ്ങിയ ഭക്ഷണത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും ഡോ.കരൺ പങ്കുവെക്കുന്നുണ്ട്. നാരുകൾ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥയെ സഹായിക്കും. കരളിൽ കൊഴുപ്പടിയുന്നത് കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. നാരുകളുള്ള ആഹാരം വർധിപ്പിക്കുന്നത് കരളിലെ വീക്കം കുറയ്ക്കുമെന്നും ധാന്യങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ ധാരാളം കഴിക്കണമെന്നും അദ്ദേഹം പറയുന്നു.

ഫാറ്റിലിവർ രോഗം മെച്ചപ്പെടുത്തുന്നതിൽ കട്ടൻ കാപ്പിയുടെ പങ്കിനേക്കുറിച്ചും ഡോ.കരൺ പറയുന്നുണ്ട്. താൻ സ്ഥിരമായി കട്ടൻ കാപ്പി കുടിക്കുമായിരുന്നു. അത് നേരിട്ട് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഒരുദിവസത്തിൽ രണ്ടുമൂന്ന് കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരൾരോഗ സംബന്ധമായ മരണനിരക്ക് കുറയ്ക്കുകയും ചെയ്യും. കാപ്പിയിലുള്ള മെലനോയിഡിൻസ്, പോളിഫെനോളുകൾ എന്നിവ വീക്കം കുറയ്ക്കും. പഞ്ചസാരയിടാതെ വേണം കട്ടൻ കാപ്പി കുടിക്കേണ്ടതെന്നും ഡോ. കരൺ വ്യക്തമാക്കുന്നു.

പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിച്ചതും ഫാറ്റിലിവർ മാറ്റിയെടുക്കാൻ സഹായിച്ചുവെന്ന് ഡോ. കരൺ പറയുന്നു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി മത്സ്യം, ഒലിവ് ഓയിൽ, നട്സ്, സീഡ്സ് എന്നിവ കഴിച്ചു. മെഡിറ്ററേനിയൻ ഡയറ്റിലേക്ക് മാറി. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കുമെന്നും പൂരിത കൊഴുപ്പിനുപകരം നല്ല കൊഴുപ്പുകളിലേക്ക് മാറുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഫാറ്റി ലിവർ

കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.

അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.

ലക്ഷണങ്ങൾ

മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.

കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.

Content Highlights: How Surgeon Karan Rajan Naturally Reversed His Fatty Liver