ചെറുപ്പക്കാരിലും ഹൃദയാഘാതം, ഇന്ത്യക്കാരെ വിരട്ടുന്ന 'കൊളസ്ട്രോൾ'; എങ്ങനെ നിയന്ത്രിക്കാം?

#Health Desk
പ്രതീകാത്മക ചിത്രം | Photo: ChatGPT
പ്രതീകാത്മക ചിത്രം | Photo: ChatGPT

ആരോഗ്യകരമായ ജീവിതത്തിന് കൊളസ്ട്രോൾ നില കുറയ്ക്കേണ്ടത് നിർണായകമാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് എൽഡിഎൽ എന്ന് അറിയപ്പെടുന്ന ഉയർന്ന അളവിലുള്ള ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ മൂലം ബുദ്ധിമുട്ടുന്നത്. ചീത്ത കൊളസ്ട്രോൾ എന്നും അറിയപ്പെടുന്ന എൽപിഎൽ പക്ഷാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.

ഇപ്പോഴിതാ, ഇന്ത്യയിലെ നഗരവാസികളിൽ ഏകദേശം 25-30% പേർക്കും ഉയർന്ന കൊളസ്ട്രോളുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് ഈ കണക്ക് അതിവേഗം ഉയരുകയാണ്. രാജ്യത്ത് ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം സംഭവിക്കുന്നു എന്നതും ആശങ്കാജനകമാണ്.

അപകടസാധ്യതയെ കുറിച്ച് പലർക്കും യാതൊരു ധാരണയുമില്ല. പണ്ടുകാലത്തേത് പോലെ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നല്ല ഉയർന്ന കൊളസ്ട്രോൾ. മെലിഞ്ഞവർക്കും ഉയർന്ന കൊളസ്ട്രോൾ വരാം. വ്യായാമം ചെയ്യുന്നവരിൽ ഭക്ഷണക്രമം ശരിയല്ലെങ്കിലും ശ്രദ്ധവേണം. സമ്മർദ്ദം, ഉറക്കം, പുകവലി എന്നിവയും ശ്രദ്ധിക്കണം.

കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക

കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി കൊഴുപ്പുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതാണ്. എന്നാൽ, എല്ലാ കൊഴുപ്പും ശരീരത്തിനെ സംബന്ധിച്ച് മോശമല്ല. എന്നാൽ, റെഡ് മീറ്റ്, വെണ്ണ, നെയ്യ്, ക്രീം, കൊഴുപ്പ് നിറഞ്ഞ ചീസ് എന്നിവയിൽ സാധാരണയായി കാണുന്ന പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. അതിനാൽ, എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം. സാൽമൺ, അയല പോലുള്ള മത്സ്യങ്ങളും ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വ്യായാമം

ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. സ്ഥിരമായ വ്യായാമം കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും.

മദ്യപാനവും പുകവലിയും ഒഴിവാക്കാം

കൊളസ്ട്രോൾ നില ഉയർനത്തുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കും പുകവലി കാരണമാകും. എത്രയും പെട്ടെന്ന് പുകവലി നിർത്തുന്നുവോ അത്രയും വേഗം ആരോഗ്യം മെച്ചപ്പെടും. അതുപോലെ, അമിതമായ മദ്യപാനം ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് മദ്യപാനം കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായി ഒഴിവാക്കാനോ ശ്രമിക്കുക.

Content Highlights: Learn about high cholesterol`s link to heart disease, a major killer. Discover alarming Indian statistics and risk factors.