പുകവലി മാത്രമല്ല പാചകരീതിയും കൊതുകുതിരികളും പോലും ശ്വാസകോശാർബുദ സാധ്യത കൂട്ടും; ശ്രദ്ധിക്കേണ്ടത്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ശ്വാസകോശാർബുദത്തിനു കാരണമാകുന്ന പ്രധാന ഘടകമാണ് പുകവലിയെന്നത് പലപഠനങ്ങളും പറയുന്നുണ്ട്. എന്നാൽ പുകവലിശീലം മാത്രമല്ല വീട്ടിൽ സാധാരണയായി തുടരുന്ന ചില ശീലങ്ങളും ശ്വാസകോശാർബുദ സാധ്യത കൂട്ടുമെന്നു പറയുകയാണ് ഒരു ഡോക്ടർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ഡോ. പ്രിയം ബോർദോലോയി ആണ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് വീടിനുള്ളിൽ സുഗന്ധമുള്ള മെഴുകുതിരികൾ പതിവായി കത്തിക്കുന്നതാണ്. ഇവ കത്തിക്കുമ്പോൾ പുറത്തുവരുന്ന ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ കെമിക്കലുകൾ കാൻസറുമായി ബന്ധപ്പെട്ടവയാണെന്ന് പഠനങ്ങളും പറയുന്നുണ്ട്. മറ്റൊന്ന് എക്സ്ഹോസ്റ്റ് ഫാനോ, കൃത്യമായ വായുസഞ്ചാരമോ ഇല്ലാതെ ഉയർന്ന താപനിലയിൽ പാകംചെയ്യുന്നതാണ്. ശ്വാസകോശാർബുദ സാധ്യത കൂട്ടാൻ പുകവലിക്കണമെന്നില്ല പകരം അടുക്കളയിലെ സുരക്ഷിതമല്ലാത്ത പാചകവും കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

എക്സ്ഹോസ്റ്റ് ഫാൻ, ചിമ്മിനി, ശരിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകൾ തുടങ്ങിയവയിൽ ഈ രീതിയിലുള്ള പാചകത്തിലൂടെ പുക വീടിനുള്ളിൽ അടിഞ്ഞുകൂടുകയും ശ്വസിക്കുന്ന മലിനമായ വായുവിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും. തുടർച്ചയായി ഇത്തരം പുക ശ്വസിക്കുന്നത് ശ്വസനനാളിയിലെ ആന്തരികപാളികളെ തകരാറിലാക്കുകയും ചെയ്യും. ക്രമേണ ഇത് ഡിഎൻഎ തകരാറിലാവാനും ജനിതക വ്യതിയാനത്തിനും ശ്വാസകോശാർബുദത്തിനും കാരണമാകും.

പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദം കണ്ടെത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരത്തിലുള്ള വായുമായുള്ള ദീർഘകാല സമ്പർക്കമാണെന്നും ഡോക്ടർ പറയുന്നു. മതിയായ വായുസഞ്ചാരമില്ലാത്ത അടുക്കളകളിൽ ദീർഘനേരം പാചകം ചെയ്യുന്നവരിൽ ശ്വാസകോശാർബുദ സാധ്യത കൂടുതലാകുമെന്നും അദ്ദേഹം പറയുന്നു.

കൂടാതെ കൊതുകുതിരികളും എയറോസോൾ റൂം സ്പ്രേകളുമായുള്ള സ്ഥിരമായ സമ്പർക്കവും ശ്വാസകോശാർബുദ സാധ്യത കൂട്ടുമെന്ന് ഡോ.പ്രിയം പറയുന്നു. എച്ച്ഐസിഎ(Home Insect Control Association) നടത്തിയ പഠനത്തിലും അഗർബത്തികളും കൊതുകുതിരികളും ശ്വാസകോശ പ്രശ്നങ്ങൾ കൂട്ടുന്നതായി വ്യക്തമായിരുന്നു.

2021-ൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പുറത്തുവിട്ട പഠനം പ്രകാരം ചന്ദനത്തിരികളിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പറയുന്നുണ്ട്. കൂടാതെ ശരീരത്തിൽ വീക്കമുണ്ടാവാനും കാരണമാകുമെന്ന് പഠനം പറയുന്നു. സുഗന്ധം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് പ്രശ്നകാരികളാകുന്നതെന്നും വിദഗ്ധർ പറയുന്നുണ്ട്.

ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ

പുകവലി കൂടാതെ വായുമലിനീകരണം, സെക്കന്റ്ഹാൻഡ് സ്മോക്കിങ്, കുടുംബത്തിൽ ശ്വാസകോശാർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശാർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശാർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.

കാരണങ്ങൾ / അപകട ഘടകങ്ങൾ

  • പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
  • റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ
  • പാരമ്പര്യം
  • പൊണ്ണത്തടി
  • മദ്യപാനം
  • വൈറൽ അണുബാധ (എച്ച്.പി.വി.)

ലക്ഷണങ്ങൾ

  • ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
  • കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
  • ശ്വാസംമുട്ടൽ
  • നെഞ്ചുവേദന
  • ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
  • തൊണ്ടയടപ്പ്
  • വിശപ്പില്ലായ്മ
  • അകാരണമായ ഭാരക്കുറവ്
  • അസ്വാഭാവികമായിട്ടുള്ള ക്ഷീണം

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

പരിശോധനകളും ചികിത്സയും

കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.

ശ്വാസകോശാർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാ വിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.

Content Highlights: Indoor air pollutants like benzene and formaldehyde increase lung cancer risk., Poor kitchen ventilation and high-temperature cooking contribute to respiratory damage., Incense sticks and mosquito coils are linked to increased lung cancer risk