18-45 പ്രായക്കാർക്കിടയിലെ ഹൃദയാഘാതം; ഹരിയാണയിൽ 6 വർഷത്തിനിടെ മരിച്ചത് 18,000 പേർ

കഴിഞ്ഞ ദിവസം ഹരിയാണയിലെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് പൊതുജനാരോഗ്യത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് ഏകദേശം 18,000 പേർ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം മരിച്ചതായാണ് വെളിപ്പെടുത്തൽ. 18 നും 45 നും ഇടയിൽ പ്രായമുള്ളമുള്ളവരാണിവർ.
2020 മുതൽ ഹൃദയസംബന്ധമായ മരണങ്ങൾ കൂടുതലായിരുന്നു. കോവിഡ്-19 അണുബാധയുമായോ വാക്‌സിനേഷന്റെ പാർശ്വഫലങ്ങളുമായോ ഇതിന് ബന്ധമുണ്ടോ എന്ന, കോൺഗ്രസ് എംഎൽഎ ഉയർത്തിയ ആശങ്ക അന്വേഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ രേഖാമൂലം ഈ വിവരങ്ങൾ പുറത്തുവിട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അത്തരം ഒരു ബന്ധം സ്ഥാപിക്കാനോ നിഷേധിക്കാനോ ഔദ്യോഗിക പഠനങ്ങളോ സർവേകളോ നടത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി.
18-45 വയസ്സുള്ള ആരോഗ്യവാനായ ഇന്ത്യക്കാരിൽ പെട്ടെന്നുള്ള മരണങ്ങൾക്ക് പ്രധാന കാരണം രോഗനിർണയം നടത്താത്ത ഹൃദ്രോഗങ്ങളാണെന്നാണ് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രസിദ്ധീകരിച്ച 2025-ലെ AIIMS-ICMR പഠനത്തിൽ പറയുന്നത്. ഇത്തരം കേസുകളിൽ 42.6 ശതമാനം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരാണ്. മറ്റുള്ള മരണങ്ങൾ പാരമ്പര്യമായി ഉണ്ടാകുന്ന ഹൃദയത്തിലെ ഇലക്ട്രിക്കൽ തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുമ്പ് ഹൃദ്രോഗം എന്നത് പ്രായമായവരുടെ പ്രശ്‌നമായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, അതിലെ മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഹരിയാനയിൽ നിന്നുള്ള റിപ്പോർട്ടുകൾ. മരണകാരണമാകുന്ന ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങൾ വർഷങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങുന്നതാണെന്ന് ഈ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
കാർഡിയോളജിസ്റ്റ് പറയുന്നു
20-30 വയസ്സുള്ളവർ ഊർജസ്വലതയും ആരോഗ്യവും ഉള്ളവരാണെന്ന അമിതമായ ആത്മവിശ്വാസം അപകടകരമാണെന്നാണ് കാർഡിയോളജിസ്റ്റ് ഡോ. ബിമൽ ഛജ്ജർ പറയുന്നത്. നിലവിലെ ജീവിതചര്യയിൽ ഹൃദയ സംരക്ഷണത്തിനായി ചില കാര്യങ്ങൾ അദ്ദേഹം തന്റെ വെബ്‌സൈറ്റായ Saaol.comലെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.
20-കളിലേ ശ്രദ്ധിക്കുക
ശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായകമായ സമയമാണിത്. ഈ പ്രായത്തിൽ എടുക്കുന്ന ജീവിതശൈലി തിരഞ്ഞെടുപ്പുകൾ അതായത് ഭക്ഷണക്രമം, വ്യായാമം, സമ്മർദം കൈകാര്യം ചെയ്യൽ- എന്നിവ ഭാവിയിൽ ഹൃദയത്തിന്റെ പ്രതിരോധശേഷിയെ നിർണയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഭക്ഷണക്രമം: ധാന്യങ്ങൾ, പുതിയ പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയ്ക്ക് മുൻഗണന നൽകുക. ജങ്ക് ഫുഡ്, അമിതമായ ഉപ്പ്, വറുത്ത ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക.
150 മിനിറ്റ് നിയമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള പ്രവർത്തനം (വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ്) എന്നിവ ചെയ്യുക.
മാനസികാരോഗ്യം: കരിയറിന്റെ തുടക്കത്തിലെയും സാമൂഹിക മാറ്റങ്ങളിലെയും സമ്മർദം കൈകാര്യം ചെയ്യാൻ ധ്യാനം അല്ലെങ്കിൽ ദീർഘശ്വാസ വ്യായാമങ്ങൾ പരിശീലിക്കാൻ തുടങ്ങുക.
30-ലും 40-ലും: ജാഗ്രത ഘട്ടം
ഡോ. ഛജ്ജർ പറയുന്നതനുസരിച്ച്, കരിയർ, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവയുടെ തിരക്ക് വർധിക്കുമ്പോൾ, ശാരീരിക പ്രവർത്തനം പലപ്പോഴും പിന്നോട്ട് പോകുന്നു. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ പോലുള്ള 'നിശബ്ദ കൊലയാളികൾ' പ്രത്യക്ഷപ്പെടാൻ തുടങ്ങുന്ന ദശകമാണിത്. ഇതാണ് ഹൃദയത്തിന് ചലനം ഏറ്റവും ആവശ്യമുള്ള സമയമെന്നാണ് ഡോ. ഛജ്ജർ പറയുന്നത്.
രക്തസമ്മർദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ പതിവ് പരിശോധനകൾ നിർബന്ധമാണ്. തിരക്കിട്ട ജീവിതശൈലി കാരണം ജിം പോലുള്ളവ സാധ്യമല്ലെങ്കിൽ, യോഗ അല്ലെങ്കിൽ കഠിനമായ ഗാർഹിക ജോലികൾ പോലുള്ളവ വീട്ടിൽ ഉൾപ്പെടുത്തി ചലനം ഉറപ്പാക്കാം, അദ്ദേഹ നിർദേശിച്ചു.
Content Highlights: 18,000 heart-related deaths reported in Haryana among individuals aged 18-45., No official link found between deaths and COVID-19 vaccinations., Undiagnosed heart conditions are the primary cause for sudden deaths in youth., Expert advice emphasizes diet, 150 minutes of exercise per week, and stress management.