സോഫ്റ്റ്ഡ്രിങ്ക്സ് ഗുണത്തേക്കാളേറെ ദോഷം, നിർജലീകരണം തടയില്ല; തിളപ്പിച്ചാറ്റിയ വെള്ളം സുരക്ഷിതം

#എം. കുഞ്ഞിരാമൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കാഞ്ഞങ്ങാട്: ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം ദാഹവും അതിക്രമിക്കുന്നതോടെ കടകളിലേക്ക് പാഞ്ഞുചെന്ന് ആർത്തിയോടെ വാങ്ങിക്കുടിക്കുന്ന മധുരമൂറും കളർവെള്ളം കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പ്രിയപ്പെട്ടതാണ്. തണുപ്പിച്ചതും അല്ലാത്തതുമായ ഈ സോഫ്റ്റ് ഡ്രിങ്ക്സുകളുടെ ഉപയോഗം വേനൽ കനത്തതോടെ ഇരട്ടിയിലുമധികമായിട്ടുണ്ടെന്നാണ് കട ഉടമകൾ പറയുന്നത്. നഗരപ്രാന്ത്രങ്ങളിൽ മാത്രമല്ല, കുഗ്രാമങ്ങളിൽ വരെ ഇന്ന് ഡോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗത്തിന്റെ അതിപ്രസരം കാണാം. വിവിധ പഴങ്ങളുടെ സ്വാദും മണവും പഞ്ചസാരലായനിയിൽ ചേർത്ത് കൃത്രിമമായി നിർമിക്കുന്ന പാനീയങ്ങൾ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷകരമാണ്. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ സ്ഥിരമായ ഉപയോഗം ജീവിതശൈലീരോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

കടകളിൽ മാത്രമല്ല, വീടുകളിലെ ഫ്രിഡ്ജുകളിലും ഇന്ന് സോഫ്റ്റ് ഡ്രിങ്ക്സുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രമേഹരോഗികളുടെയും ജീവിതശൈലീരോഗികളുടെയും എണ്ണം നാൾക്കുനാൾ പെരുകിവരുന്നതിൽ സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പങ്ക് ചെറുതല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും ഇത്തരം കൃത്രിമ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കുടിക്കാം, തിളപ്പിച്ചാറ്റിയ വെള്ളം

യാത്രയ്ക്കായി വീട്ടിൽനിന്നിറങ്ങുമ്പോൾ ആവശ്യത്തിന് തിളപ്പിച്ചാറ്റിയ വെള്ളം കൈയിൽ കരുതിയാൽ നമുക്ക് ദാഹമകറ്റാൻ പറ്റും. അതിനുപകരമായി സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങികഴിക്കുന്നത് രോഗം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ശരീരത്തിന്റെ നിർജലീകരണം തടയുന്നതിന് ഇത്തരം പാനീയങ്ങൾ ഉപകരിക്കില്ല. കരിക്കിൻവെള്ളവും മോരിൻവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും പകരമായി ഉപയോഗിക്കാം. ഒ.ആർ.എസ്. ലായനിയും വളരെ നല്ലതാണ്. വെള്ളം കുറച്ചുകുറച്ചായി കുടിക്കുന്നതാണ് ഉത്തമം. നേരിട്ടെടുത്ത് പഞ്ചസാര ചേർക്കാതെ പഴങ്ങളുടെ ജ്യൂസും കഴിക്കാം. നാരങ്ങാവെള്ളത്തിൽ പഞ്ചസാര ഒഴിവാക്കണം. ചായയും കാപ്പിയും ഗുണം ചെയ്യില്ല.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. രജിത് കൃഷ്ണൻ (ഫിസിഷ്യൻ, ജില്ലാ ആസ്പത്രി, കാഞ്ഞങ്ങാട്)

Content Highlights: Artificial soft drinks increase risk of lifestyle diseases like diabetes., Sugary drinks do not effectively prevent dehydration.