ദിവസവും രാവിലെ രണ്ട് ഈന്തപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? അറിയണം ഇക്കാര്യങ്ങൾ, ന്യൂട്രീഷനിസ്റ്റ് പറയുന്നു

ഡ്രൈഫ്രൂട്ടുകളിൽ പലർക്കും ഇഷ്ടമുള്ള ഒന്നാണ് ഈന്തപ്പഴം. ഡയറ്റില്‍ ഈന്തപ്പഴം പതിവാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം , ആന്റിഓക്സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം.
ഇപ്പോഴിതാ, ശരീരത്തിന് ഗുണകരമാകുന്ന ഏറ്റവും ലളിതമായ പ്രഭാത ശീലങ്ങളിലൊന്നാണ് വെറുംവയറ്റിൽ രണ്ട് ഈന്തപ്പഴം കഴിക്കുന്നതെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റ് എഷാങ്ക വഹി. ഈന്തപ്പഴത്തിന്റെ പോഷകമൂല്യം മികച്ച ഫലം ആരോഗ്യത്തിന് നൽകും. ഈന്തപ്പഴത്തിൽ നാരുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജത്തിന്റെ കാര്യത്തിൽ പെട്ടെന്നുള്ള ഉയർച്ചതാഴ്ചകളില്ലാതെ രാവിലെ മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ക്രേവിങ്സ് നിയന്ത്രിക്കാം
രാവിലെ രണ്ട് ഈന്തപ്പഴം കഴിക്കുന്നത് ഭക്ഷണത്തോടുള്ള അമിതമായ ക്രേവിങ്ങ്സ് നിയന്ത്രിക്കാൻ സഹായിക്കും. അവയിലുള്ള ഫൈബർ ദഹനം പതുക്കെയാക്കുകയും ഇത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈന്തപ്പഴത്തിന്റെ സ്വാഭാവിക മധുരം സംസ്കരിച്ച ഭക്ഷണങ്ങളില്ലാതെ തന്നെ മധുരം കഴിക്കാനുള്ള തോന്നൽ ഒഴിവാക്കുന്നു. എന്നാൽ, പ്രമേഹമുള്ളവർ വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതിന് മുമ്പ് ഒരു വിദഗ്ധഭിപ്രായം തേടേണ്ടതാണ്.
ദഹനം മെച്ചപ്പെടും
ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും രണ്ട് രീതികളിൽ ഈന്തപ്പഴം സഹായിക്കുന്നുണ്ട്. മലവിസർജ്ജനത്തിന് ആവശ്യമായ ഡയറ്ററി ഫൈബർ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഭക്ഷണം വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്ന അമിനോ ആസിഡുകളും ഇവയിലുണ്ട്.
ഈന്തപ്പഴം കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കുന്നുണ്ട്. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുകയും വയറിന് മൊത്തത്തിൽ ആശ്വാസം നൽകുകയും ചെയ്യും.
രോഗപ്രതിരോധശേഷി
Flavonoids, carotenoids, phenolic acids എന്നീ മൂന്ന് പ്രധാന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഈന്തപ്പഴം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും, വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Discover the amazing benefits of eating 2 dates every morning on an empty stomach. Nutritionist-backed advice on digestion, cravings, and immunity.