വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്നുമരണം, ഒറ്റപ്പെട്ട സംഭവമെന്ന് ആരോഗ്യവകുപ്പ്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്നുപേർ മരിച്ചു. അൻസോവാതെഗൂയിയിലാണ് രോഗബാധിതരായി മൂന്നുപേർ മരിച്ചത്. ബാരിനാസിലെ രണ്ട് ആരോഗ്യ പ്രവർത്തകരുടെ മരണത്തിലും ഹാന്റാവൈറസ് സംശയിക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു.

അൻസോവാതെഗൂയിയിലും ബാരിനാസിലും ഉണ്ടായ മരണങ്ങൾ പൊതുസമൂഹത്തിന് അപകടസാധ്യത സൃഷ്ടിക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അത്യപൂർവമായി ഹാന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമെന്ന് വ്യക്തമാക്കുന്ന സാഹചര്യം അടുത്തിടെ ഒരു ക്രൂയിസ് കപ്പലിലെ രോഗബാധയിൽ നിന്ന് വ്യക്തമായിരുന്നു. ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട എം.വി ഹോൺഡിയസ് എന്ന കപ്പലിലെ രോഗവ്യാപനത്തിൽ മൂന്നു യാത്രക്കാർ മരിക്കുകയും നിരവധി പേർ രോഗബാധിതരാവുകയും ചെയ്തിരുന്നു.

23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുണ്ടായിരുന്നത്.

എന്താണ് ഹാന്റാ വൈറസ്?

എലികളാണ് ഹാന്റാ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.

1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.

ചികിത്സ

ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.

Content Highlights: Three deaths confirmed in Anzoátegui, Venezuela due to Hantavirus., Health authorities label cases as isolated incidents with no widespread risk.