എച്ച്1 എൻ1: വയനാട്‌ ജില്ലയിലും ജാഗ്രതാനിർദേശം

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

കല്പറ്റ: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്‌ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ മുന്‍വര്‍ഷങ്ങളില്‍ എച്ച്1 എന്‍1 രോഗബാധ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം.

ഇന്‍ഫ്‌ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പ്പെട്ട വൈറസാണ് എച്ച്1 എന്‍1. പന്നികളിലാണ് സാധാരണ കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്നവരിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖംപകരാം.

രോഗലക്ഷണങ്ങള്‍

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ടചുമ, ക്ഷീണം, വയറിളക്കം. മിക്കവരിലും സാധാരണപനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍, ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സനല്‍കേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഒരുമീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസരത്തുള്ളവരിലേക്ക് രോഗംപകരാന്‍ വഴിയൊരുങ്ങുന്നു.

പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. അത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കിയേക്കും.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതരരോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പന്നികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കണം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വായും മൂക്കും മറയുന്നവിധത്തില്‍ മാസ്‌ക് ധരിക്കുക.
  • പൊതുസ്ഥലത്ത് തുപ്പരുത്.
  • രോഗമുള്ളവരുമായി അടുത്തിടപഴകാതിരിക്കുക.
  • ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കല്‍ എന്നിവ ഒഴിവാക്കുക.
  • മൊബൈല്‍ഫോണ്‍ കൈമാറി ഉപയോഗിക്കാതിരിക്കുക.
  • പുറത്തുപോയി വീട്ടിലെത്തിയാല്‍ സോപ്പോ ഹാന്‍ഡ്വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക. രോഗാണുക്കളെ സാധാരണസോപ്പ് നിര്‍വീര്യമാക്കും.
  • രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ ചികിത്സതേടുക. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ തൊട്ടടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തി പരിശോധനയ്ക്ക് വിധേയരാകണം.

Content Highlights: h1n1, swine flu, symptoms, wayanad district, health