കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം? കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച അരുത്

ലോക കൈകഴുകല്‍ ദിനമാണ് ഇന്ന്. 'കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലവണ്ണം കൈകള്‍ വൃത്തിയാക്കിയാല്‍ കൊറോണ വൈറസിനെ തടയാനാവുമെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ കൈകഴുകല്‍ ദിനാചരണം ശക്തിപ്പെട്ട കാലമാണ് കടന്നുപോയത്. 2008 മുതലാണ് യൂണിസെഫ് ഉള്‍പ്പെടുന്ന ഹാന്‍ഡ് വാഷിങ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൈകഴുകല്‍ ദിനാചരണം അന്താരാഷ്ട്രതലത്തില്‍ ആരംഭിച്ചത്.
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും സംരക്ഷണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.
നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് എപ്പോഴെല്ലാം?
- ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും ശേഷവും
- ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും
- യാത്രയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍
- രോഗികളെ പരിചരിക്കുന്നതിനു മുന്‍പും ശേഷവും
- മുറിവുണ്ടായാല്‍ അത് പരിചരിക്കുന്നതിനു മുന്‍പും ശേഷവും
- കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം
- മലമൂത്ര വിസര്‍ജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിനു ശേഷം
- ശുചിമുറി ഉപയോഗിച്ചതിനു ശേഷം
- മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം എന്നിവ കൈകാര്യം ചെയ്തതിന് ശേഷം
- മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം
- കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം
Content Highlights: global handwashing day