ദിവസത്തിൽ നൂറോളം തവണ ഛർദിക്കും, ഗ്യാസ്ട്രോപാരെസിസ് എന്ന അപൂർവാവസ്ഥയോട് പൊരുതി 22-കാരി

ദിവസത്തിൽ ഒരുതവണ ഛർദിക്കുന്നതുപോലും ക്ഷീണത്തിന് കാരണമാകാം. അപ്പോൾ ദിവസത്തിൽ നൂറുതവണ ഛർദിക്കുന്ന അവസ്ഥയുണ്ടായാലോ? അത്തരത്തിലൊരു അപൂർവ ആരോഗ്യപ്രശ്നവുമായി ജീവിക്കുന്ന എല്ല റെയ്ക് എന്ന യു.കെ. സ്വദേശിയായ ഇരുപത്തിരണ്ടുകാരിയേക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ദി മിറർ. ഗ്യാസ്ട്രോപാരെസിസ് എന്ന അപൂർവ അവസ്ഥയാണ് എല്ലയുടേത്.
ഛർദിക്കൊപ്പം ഇടയ്ക്കിടെ കുഴഞ്ഞുവീഴുകയും ചെയ്യുന്ന എല്ല ഇന്ന് ഭൂരിഭാഗം സമയവും വീൽചെയറിലാണ് കഴിച്ചുകൂട്ടുന്നത്. മുപ്പത്തിയൊമ്പതു കിലോ മാത്രമാണ് ഭാരം. തുടർച്ചയായ ഛർദി മൂലം ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായ രീതിയിൽ കുറയുകയും ഇടയ്ക്കിടെ പൊട്ടാസ്യം കയറ്റുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ ഹൃദയമിടിപ്പിലെ തകരാറുകൾ, കുടലിന്റെ ആരോഗ്യം തകരാറിലാവുക, മലബന്ധം, സെപ്സിസ്, വൃക്കരോഗം എന്നിവയും എല്ല നേരിടുന്നുണ്ട്.
തന്റെ ആരോഗ്യം പടിപടിയായി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് എല്ല പറയുന്നു. വളരെ ഭയം തോന്നാറുണ്ട്. ശരീരഭാരം നന്നേ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അസ്ഥികൾ വളരെ വ്യക്തമായി കാണുന്ന അവസ്ഥയിലെത്തി, എല്ലായ്‌പ്പോഴും കടുത്ത ക്ഷീണവുമാണ്. ഇനി എത്രത്തോളം അനുഭവിക്കേണ്ടി വരുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ജീവിതത്തിന്റെ അവസാനമായെന്നും മരിക്കാൻ പോവുകയാണെന്ന് തോന്നുന്നുവെന്ന് അമ്മയോട് പറയാറുണ്ടെന്നും എല്ല പറയുന്നു.
എന്താണ് ഗ്യാസ്ട്രോപാരെസിസ്?
ദഹനസംബന്ധമായ ഒരു ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രോപാരെസിസ്. ആമാശയത്തിലെ ഭക്ഷണാവശിഷ്‌ടം ചെറുകുടലിലേക്ക് കടക്കാൻ വളരെയധികം സമയമെടുക്കുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിച്ചതിനുശേഷം ആമാശയത്തിലെ പേശികളുടെ ഏകോപിതമായ സങ്കോചത്തിലൂടെയാണ് ഭക്ഷണം മുന്നോട്ടു നീങ്ങുന്നത്. എന്നാൽ, ഗ്യാസ്ട്രോപാരെസിസ് ഉള്ളവരിൽ ഈ ചലനം മന്ദഗതിയിലാവുകയോ തടസ്സപ്പെടുകയോ ചെയ്യും. ഇതുമൂലം കൂടുതൽ സമയം ആമാശയത്തിൽ ഭക്ഷണം തങ്ങിനിൽക്കും. പിന്നാലെ പെട്ടെന്നുതന്നെ വയറുനിറഞ്ഞ അവസ്ഥ തോന്നുകയും മണിക്കൂറുകൾക്കുള്ളിൽ ഛർദിയോ, ഓക്കാനമോ വരികയോ ചെയ്യും.
ഓക്കാനം, ആവർത്തിച്ചുള്ള ഛർദി, പെട്ടെന്ന് വയറുനിറഞ്ഞതുപോലെ തോന്നുക, വയറിൽ വേദനയോ അസ്വസ്ഥതയോ, വയർ വീർക്കുക, വിശപ്പില്ലായ്മ, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ചിലരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. ഗുരുതരമാകുമ്പോൾ ശരീരഭാരം അമിതമായി കുറയുകയും ഛർദി മൂലം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ നില താളംതെറ്റുകയും പോഷകാഹാരക്കുറവ് അനുഭവപ്പെടുകയും ചെയ്യും. പൊട്ടാസ്യത്തിന്റെ അളവ് ഗുരുതരമായി കുറയുന്നത് ഹൃദയമിടിപ്പിൽ വ്യതിയാനമുണ്ടാക്കും. ഗുരുതരമായ നിർജ്ജലീകരണം വൃക്കയുടെ ആരോഗ്യവും പ്രശ്നകരമാക്കും.
ആമാശയത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്ന നാഡികൾക്കോ പേശികൾക്കോ തകരാറ് സംഭവിക്കുന്നതാണ് ഗ്യാസ്ട്രോപാരെസിസിനു കാരണമാകുന്നത്. പ്രമേഹം, ആമാശയത്തെയോ മുകളിലെ ദഹനനാളത്തെയോ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശസ്ത്രക്രിയ, ചില വൈറൽ അണുബാധകൾ, ന്യൂറോളജിക്കൽ തകരാറുകൾ, ആമാശയത്തിന്റെ ചലനം മന്ദഗതിയിലാക്കുന്ന ചില മരുന്നുകൾ തുടങ്ങിയവ കാരണമാകാറുണ്ട്.
Content Highlights: A UK woman's life is severely affected by gastroparesis, a rare disease causing frequent vomiting and severe health complications, leaving her mostly wheelchair-bound.