പിത്താശയത്തിലെ അർബുദം എളുപ്പത്തിൽ കണ്ടെത്താനാകില്ല; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

വളരെ അപൂർവമായി മാത്രം കാണുന്ന അർബുദങ്ങളിൽ ഒന്നാണ് പിത്താശയത്തിലെ കാൻസർ. എന്നാൽ, അത്ര എളുപ്പത്തിൽ കണ്ടെത്താനാകുന്ന രോഗമല്ലിത്. പലപ്പോഴും, രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ മാത്രമാണ് രോഗനിർണയം നടക്കുന്നത്. ഇതോടെ, ചികിത്സ പ്രയാസകരമാക്കുകയും രോഗം ഭേദമാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. അത്ര ഗുരുതരമല്ലാത്ത രോഗങ്ങളുടേതിന് സമാനമാണ് പിത്താശയത്തിലെ കാൻസറിന്റെ ലക്ഷണങ്ങൾ. അതിനാൽ, രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് നേരത്തെ മനസ്സിലാക്കുന്നത് വിഷയം നേരത്തെ തിരിച്ചറിയാനും വേഗത്തിൽ വൈദ്യസഹായം തേടാനും സഹായിക്കും.
വയറിൻ്റെ മുകൾ ഭാഗത്ത് വേദന
പിത്താശയ അർബുദത്തിന്റെ ആദ്യത്തെ ലക്ഷണങ്ങളിൽ ഒന്നാണ് വാരിയെല്ലുകൾക്ക് തൊട്ടുതാഴെ വലതുവശത്തായി ഉണ്ടാകുന്ന നേരിയ വയറുവേദന. ഒരുതരം ഭാരമായും ഇത് അനുഭവപ്പെട്ടേക്കാം. കഠിനമായ വേദനയ്ക്ക് പകരം എന്തോ ഒന്ന് വലിയുന്നതുപോലെയൊരു അസ്വസ്ഥതയാണ് പലപ്പോഴും രോഗികൾക്ക് അനുഭവപ്പെടുന്നത്. ഗ്യാസിന്റേയോ ദഹനക്കേടിന്റേയോ പ്രശ്നമാകാം ഇതെന്ന് ചിലർ തെറ്റിദ്ധരിക്കും. ഈ ഭാഗത്ത് സ്ഥിരമായി നിലനിൽക്കുന്ന വേദനയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
ഓക്കാനം അല്ലെങ്കിൽ മനംപിരട്ടൽ
പിത്താശയ അർബുദത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഭക്ഷണം കഴിച്ചതിന് ശേഷം ഓക്കാനം അനുഭവപ്പെടുന്നത് സാധാരണമാണ്. ഗർഭധാരണം, ദഹനപ്രശ്നങ്ങൾ തുടങ്ങിയ വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ വിട്ടുമാറാത്ത ഓക്കാനവും മനംപിരട്ടലും അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധവേണം. ആഴ്ചകളോളം ഈ പ്രശ്നം നീണ്ടുനിൽക്കുകയും വഷളാവുകയും ചെയ്യുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണുക.
അതേസമയം, ഓക്കാനം മറ്റ് പല കാരണങ്ങൾകൊണ്ടും നമുക്ക് അനുഭവപ്പെട്ടേക്കാം. അതിനാൽ, ഈ ലക്ഷണം എല്ലായ്പ്പോഴും പിത്താശയ അർബുദം കാരണമായിരിക്കില്ല എന്നതും ഓർക്കേണ്ടതാണ്.
ഭാരം കുറയുന്നതും വിശപ്പില്ലായ്മയും
പിത്താശയ അർബുദത്തിൻ്റെ ലക്ഷണങ്ങളിൽ ഒന്നാണ് വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയുന്നത്. വളരെ സാവധാനം മാത്രം പ്രകടമാകുന്ന ലക്ഷണമാണെങ്കിലും ഇതൊരു പ്രധാന മുന്നറിയിപ്പാണ്. അർബുദബാധ ശരീരത്തിലെ ഊർജ്ജത്തിൻ്റെ ഉപയോഗത്തെയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെയും തടസ്സപ്പെടുത്തുന്നതാണ് അവിചാരിതമായി ശരീരഭാരം കുറയുന്നതിന് കാരണം.
മഞ്ഞപ്പിത്തം
പിത്താശയത്തിലെ അർബുദം മൂലം പിത്ത നാളി തടസ്സപ്പെടുകയും പിത്തരസം(ബൈൽ) രക്തത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. അതിനാൽ, ചർമത്തിലും കണ്ണിന്റെ വെള്ളയിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. ആദ്യഘട്ടങ്ങളിൽ ഈ മഞ്ഞനിറം വളരെ നേർത്തതായതിനാൽ തിരിച്ചറിയാൻ പ്രയാസമായിരിക്കും. ചൊറിച്ചിൽ, കടുത്ത നിറത്തിലുള്ള മൂത്രം, വിളറിയ നിറത്തിലുള്ള മലം എന്നിവ പിത്തരസം അടിഞ്ഞുകൂടുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങളിൽ ചിലതാണ്.
ഈ ലക്ഷണങ്ങൾ തീവ്രത കുറഞ്ഞതാണെങ്കിലും ഉടനടി വൈദ്യപരിശോധന ആവശ്യമാണ്. അർബുദമല്ല എങ്കിൽ നേരത്തെ രോഗനിർണയം നടത്തിയാൽ മഞ്ഞപ്പിത്തം പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.
Content Highlights: Gallbladder Cancer: Recognizing Subtle Symptoms for Early Diagnosis