പനിക്കു പിന്നാലെ വന്ന അപസ്മാരം, കേരളത്തിൽ ആദ്യ അമീബിക് മസ്തിഷ്‌കജ്വര മരണം ഒൻപതു വർഷം മുൻപ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം സ്ഥിരീകരിച്ചത് ഒൻപത് വർഷം മുൻപ്. ബിസിനസുകാരനായ കോട്ടുകാൽ കൃഷ്ണകുമാറിന്റെ മകൻ കെ.എസ്.അഭിജിത്ത് (19) മരിച്ചത് 2015-ലാണ്. മരണശേഷം പുണെയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അഭിജിത്തിന് മൂക്കടപ്പ് പോലുള്ള അസുഖം പതിവായിരുന്നു. അസ്വസ്ഥത മാറാൻ കൈക്കുമ്പിളിൽ വെള്ളമെടുത്ത് ശക്തിയായി മൂക്കിലേക്ക് അടിച്ചുകയറ്റുകയും പുറത്തേക്ക് ചീറ്റുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഗുരുവായൂരും ആലത്തൂരും പോയി തിരിച്ചെത്തിയപ്പോഴാണ് അഭിജിത്തിന് പനി ബാധിച്ചത്. ട്രെയിൻ യാത്രയ്ക്കിടയിലും ഹോട്ടലിൽ താമസിക്കുമ്പോഴും ഇത്തരത്തിൽ അഭിജിത്ത് മൂക്കിലേക്ക് വെള്ളം ചീറ്റിച്ചിരുന്നു.
യാത്ര കഴിഞ്ഞെത്തി നാലാം ദിവസം പനി തുടങ്ങി. അപസ്മാരമുണ്ടായി. അതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപസ്മാരം തുടർച്ചയായി വന്നതോടെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് മാറ്റി. വിവിധ പരിശോധനകൾ നടത്തിയെങ്കിലും രോഗമെന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
അവശനിലയിലായ അഭിജിത്ത് 2015 ജൂലായ് 25-ന് മരിച്ചു. തലച്ചോറിൽ നിന്ന് സ്രവം ശേഖരിച്ച് പുണെയിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഏഴുദിവസത്തിന് ശേഷം പരിശോധനാഫലം വന്നപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരമാണ് രോഗമെന്ന് മനസ്സിലായത്.
ഓരോരുത്തരിലും രോഗബാധ സ്ഥിരീകരിക്കുമ്പോഴും കൃഷ്ണകുമാറും ഭാര്യ സജിതാറാണിയും ഇളയ മകൻ അഭിനന്ദും ആശങ്കയിലാകും. കോഴിക്കോട്ട് കുട്ടി രോഗമുക്തനായ വാർത്തയറിഞ്ഞപ്പോഴുണ്ടായ സന്തോഷം വിവരിക്കാനാകില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ബിരുദവിദ്യാർഥിയായിരുന്ന അഭിജിത്തിന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് രൂപവത്കരിച്ച ഫൗണ്ടേഷൻ സാമൂഹിക സേവന മേഖലയിൽ സജീവമാണ്.
എന്താണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്?
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത സുഷിരങ്ങൾ വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
രോഗലക്ഷണങ്ങൾ
രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതുവഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
പ്രതിരോധ നടപടികൾ
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല.
Content Highlights: first amoebic meningoencephalitis cases in kerala